ലഹരി ഉപയോഗത്തിനെതിരേ പരിശോധന കർശനമാക്കാൻ കുന്നത്തൂർ താലൂക്ക് വികസന സമിതി
1540516
Monday, April 7, 2025 6:23 AM IST
കൊല്ലം: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ പരിശോധന ശക്തമാക്കാൻ കുന്നത്തൂർ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. താലൂക്കിലൊട്ടാകെ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കുന്നത്.
സ്വകാര്യ വാഹനങ്ങൾ രാസലഹരി ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിന് ഉപയോഗിക്കുന്നതിനാൽ മോട്ടോർ വാഹന വകുപ്പും പോലീസും എക്സൈസും നടപടി ശക്തമാക്കും. എക്സൈസ് മാസം തോറും നടത്തുന്ന പഞ്ചായത്ത് തല അവലോകന യോഗവും താലൂക്ക് തല അവലോക യോഗവും കൃത്യമായി കൂടുന്നതിനും തീരുമാനിച്ചു.
ഭരണിക്കാവ് ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് സംവിധാനം പരിഷ്കരിക്കുന്നതിന് കഴിഞ്ഞ മാസം ആറിന് കൂടിയ യോഗത്തിലെ തീരുമാനം നടപ്പാക്കുന്നതിന് ശാസ്താംകോട്ട എസ്എച്ച്ഒ, സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ, ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നിർദേശം നൽകി.
മൈനാഗപ്പള്ളി റെയിൽവെ ഓവർ ബ്രിഡ്ജ് നിർമാണത്തിന് എത്രയും വേഗം തുക അനുവദിച്ച് നിർമാണം തുടങ്ങും. മൈനാഗപ്പള്ളി പഞ്ചായത്തിലെ കെഐ പി കനാൽ നിലവിൽ അവസാനിക്കുന്ന സ്ഥലത്തു നിന്നും കൂടുതൽ പ്രദേശങ്ങളിലേക്ക് കനാൽ നിർമിച്ച് വെള്ളം എത്തിക്കുന്നത് പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം അടുത്ത ആഴ്ച കൂടുന്നതിന് തീരുമാനിച്ചു.
നെടിയവിള - വേമ്പനാട്ടഴികത്ത് മുക്ക് റോഡ് നിർമാണത്തിൽ കരാർ ലംഘനം നടത്തിയ കരാറുകാരനെ ടെർമിനേറ്റ് ചെയ്തതായും കൊല്ലം - തേനി ദേശീയപാത 24 മീറ്റർ വീതിയിൽ കടവൂർ മുതൽ ചെങ്ങന്നൂർ വരെ ചെയ്യുന്നതിനും ജനവാസ മേഖലയിലെ ബൈപ്പാസ് ഒഴിവാക്കി നിർമിക്കുന്നതിനും തീരുമാനിച്ചതായും യോഗത്തെ അറിയിച്ചു.
റെയിൽവെ സ്റ്റേഷൻ റോഡിലെ കുറ്റിയിൽ മുക്ക് മുതലുള്ള കൈയേറ്റം ഒഴിപ്പിക്കുന്നതിനും ശാസ്താംകോട്ട ചന്തയിൽ സ്വാകര്യവ്യക്തിക്ക് പട്ടയം ലഭിച്ച സ്ഥലത്തേക്കാൾ കൂടുതൽ സർക്കാർ സ്ഥലം കൈയേറിയിട്ടുണ്ടെങ്കിൽ പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനും ഭൂരേഖ തഹസിൽദാരെ ചുമതലപ്പെടുത്തി.
കാരാളിമുക്കിലെ എഐ കാമറ മാറ്റി സ്ഥാപിക്കുന്നതിന് കഴിഞ്ഞ വികസന സമിതിയിൽ നിർദേശം നൽകിയിട്ടും ഇത് നടപ്പിലാക്കാത്തതിൽ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് നിർദേശം നൽകി. ഇടക്കാട് ദേവഗിരിയിലെ കുടിവെള്ള പദ്ധതിക്കായി ടാങ്ക് നിർമിച്ചിരിക്കുന്ന സ്ഥലത്ത് അടിയന്തിരമായി മണ്ണ് നികത്തുന്നതിന് വാട്ടർ അഥോറിറ്റി പ്രോജക്ട് ഡിവിഷനെ ചുമതലപ്പെടുത്തി.
ശാസ്താംകോട്ട ഫിൽറ്റർ ഹൗസിനു മുൻവശത്ത് സ്വകാര്യ ബസുകൾ പാർക്കു ചെയ്യുന്നത് നിർത്തലാക്കി ശാസ്താംകോട്ട ജംഗ്ഷന് കിഴക്കു വശത്തെ ഇന്ത്യൻ ബാങ്കിനു സമീപത്തെ സ്ഥലത്ത് പാർക്കു ചെയ്യുന്നതിനും ഭരണിക്കാവ് ബസ് സ്റ്റാൻഡിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന ഗുഡ്സ് വാഹനം നീക്കും ചെയ്യുന്നതിനും സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർക്കും സിനിമാപറമ്പ് സബ് സ്റ്റേഷനു മുൻവശത്ത് പാർക്ക് ചെയ്തിരിക്കുന്ന റോഡ് റോളർ നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി.എൻജിനിയർക്കും നിർദേശം നൽകി.
നിർത്തലാക്കിയ കെഎസ്ആർടിസി സർവിസുകൾ ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്ന് യോഗത്തെ അറിയിച്ചു. യോഗത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ, മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ, കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. വത്സല കുമാരി, പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.