കള്ള് ചെത്ത് വ്യവസായത്തെ തകർച്ചയിൽ നിന്നും രക്ഷിക്കണം : എൻ.അഴകേശൻ
1540730
Tuesday, April 8, 2025 2:48 AM IST
കൊല്ലം: കള്ള് ചെത്ത് വ്യവസായത്തെ തകർച്ചയിൽ നിന്നും രക്ഷിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് കോൺഗ്രസ് നേതാവും അബ്കാരി വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ എൻ. അഴകേശൻ ആവശ്യപ്പെട്ടു.
നാളിതുവരെ ആയിട്ടും അബ്കാരി നയം പ്രഖ്യാപിച്ചിട്ടില്ല. ഇടതു ഭരണത്തിൽ കീഴിൽ സ്പിരിറ്റ് മയക്കുമരുന്നു മാഫിയകൾ തഴച്ചു വളരുകയാണ്. അഖിലകേരള കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന നേതൃയോഗം കൊല്ലം ഡിസിസി ഓഫീസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെത്ത് തൊഴിലാളികളുടെ മിനിമം പെൻഷൻ അയ്യായിരം രൂപയും മാക്സിമം പെൻഷൻ പതിനായിരം രൂപ ആയി വർദ്ധിപ്പിക്കുക, ദൂരപരിധി 200 മീറ്റർ ആയി നിജപ്പെട്ടുത്തുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് മേയ് മാസം ആദ്യം ചെത്ത് തോഴിലാളികളുടെ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു.
യോഗത്തിൽ ഡോ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രകാശൻ (തൃശൂർ) കൂരീപ്പുഴ വിജയൻ (കൊല്ലം) കെ.കെ.അരവിന്ദാക്ഷൻ (കുട്ടനാട്) പി.ബി. രവി(എറണാകുളം) ശ്രീവല്ലഭൻ(ആലപ്പുഴ) കെ. ശിവൻ (പാലക്കാട്) സനിൽകുമാർ (തൊടുപ്പുഴ) ജോൺസൺ (അങ്കമാലി)കുന്നത്തൂർ പ്രസാദ് (കൊല്ലം) അയ്യപ്പൻകുട്ടി(കാലടി) സുരേഷ്ബാബു(കണ്ണൂർ) കെ.ബാബു (കൊല്ലം) ശ്രീരംജൻ (തിരുവനന്തപുരം) എന്നിവർ പ്രസംഗിച്ചു.