നീണ്ടകര താലൂക്ക് ആശുപത്രിയിൽ ഐആർഇഎൽ സോളാർ പാനൽ സ്ഥാപിക്കുന്നു
1540139
Sunday, April 6, 2025 6:22 AM IST
ചവറ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐആർഇഎൽ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി നീണ്ടകര താലൂക്ക് ആശുപത്രിയിൽ 50 കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ 37 ലക്ഷം രൂപ ചെലവിൽ സ്ഥാപിക്കും.
ഇതിനായുള്ള ധാരണാപത്രം സുജിത് വിജയൻ പിള്ള എംഎൽഎ മുഖ്യാതിഥിയായ ചടങ്ങിൽ ഐആർഇഎൽ താലൂക്ക് ആശുപത്രി അനർട്ട് പ്രതിനിധികൾക്ക് കൈമാറി. ഐആർഇഎൽ ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജരും യൂണിറ്റ് മേധാവിയുമായ എൻ.എസ്. അജിത് അധ്യക്ഷനായി.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയ ഷിനു, അനർട്ട് ചീഫ് എക്സിക്യൂട്ടീവ് നരേന്ദ്രനാഥ് , എൻജിനിയർ ജോജി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനീത, ഐആർഇഎൽ ചീഫ് മാനേജർ ഭക്തദർശൻ, ഡെപ്യൂട്ടി മാനേജർ അജികുമാർ എന്നിവർ പങ്കെടുത്തു.
തുടർന്ന് വിവിധ ഗ്രന്ഥശാലകൾക്കുള്ള പുസ്തക വിതരണവും സുജിത് വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു.