സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
1540591
Monday, April 7, 2025 10:03 PM IST
പാരിപ്പള്ളി : സ്വകാര്യ ബസും അച്ഛനും മകളും സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിച്ച് പിതാവ് മരിച്ചു. മകളെ ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരവൂർ കൂനയിൽ മണ്ണുവിള വീട്ടിൽ സുനിൽകുമാർ (49) ആണ് മരിച്ചത്. മകൾ ആര്യാ സുനിലി (21) നാണ് പരിക്കേറ്റത്. പരവൂർ പാരിപ്പള്ളി റോഡിൽ പുത്തൻകുളം ബ്ലോക്ക് മരം ജംഗ്ഷന് സമീപമായിരുന്നു അപകടം. കഴിഞ്ഞദിവസം വൈകുന്നേരം 5.45 ഓടെയായിരുന്നു സംഭവം.
സ്വകാര്യ ബസിലേക്ക് എതിർ ദിശയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരം അറിഞ്ഞെത്തിയ പാരിപ്പള്ളി പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ ഇരുവരെയും എത്തിച്ചെങ്കിലും സുനിൽകുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. പ്ലമ്പിംഗ് ജോലിക്കാരനായിരുന്നു. പാരിപ്പള്ളി പോലീസ് കേസ്സെടുത്തു. സുനിൽ കുമാറിന്റെ ഭാര്യ രമ. മക്കൾ : ആര്യ സുനിൽ, സൂര്യ സുനിൽ.