ശില്പശാലയ്ക്ക് ഇന്ന് തുടക്കം
1540141
Sunday, April 6, 2025 6:22 AM IST
കരുനാഗപ്പള്ളി: ബാലഗോകുലം ദക്ഷിണ കേരളത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഭഗിനി - ബാലമിത്ര ശില്പശാലയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ 12 വരെ കരുനാഗപ്പള്ളി പുതിയകാവ് അമൃത വിദ്യാലയത്തിൽ നടക്കുന്ന ശില്പശാലയിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ നിന്നായി 600 ഓളം ശിക്ഷാർഥികൾ പങ്കെടുക്കും.
ബാലഗോകുലം ദക്ഷിണ കേരള അധ്യക്ഷൻ ഡോ.എൻ.ഉണ്ണികൃഷ്ണൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.രാവിലെ ഏഴിന് ഭഗിനീ ശിൽപശാലയുടെ ഉദ്ഘാടനം പുതിയകാവ് അമൃത വിദ്യാലയം പ്രിൻസിപ്പൽ ശ്രീ ചരണാമൃത നിർവഹിക്കും. ഡോ.എസ്.ദേവീ രാജ് അധ്യക്ഷത വഹിക്കും. ബാലമിത്രം ശില്പശാലയ്ക്ക് ആദിദേവാമൃതചൈതന്യ തിരിതെളിക്കും.
പ്രഫ. എസ് സുമിത്ത് അധ്യക്ഷത വഹിക്കും.യുവത്വത്തെ വഴിതെറ്റിക്കുന്ന ലഹരിക്കെതിരെ ശക്തമായ ദിശാബോധം നൽകുന്ന പരിപാടികൾക്കാണ് ശില്പശാല ഊന്നൽ നൽകുക. പ്രകൃതി, സംസ്കൃതി, രാഷ്ട്രം എന്നീവിഷയങ്ങളിൽ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾക്ക് പ്രമുഖർ നേതൃത്വം നൽകും. ഒൻപതിന് നടക്കുന്ന മാതൃ ഹസ്തേന ഭോജനത്തിൽ 250 കുടുംബങ്ങളിൽ നിന്ന് ഉള്ളവർ ശില്പശാലയിൽ പങ്കെടുക്കും.
11ന് കരുനാഗപ്പള്ളിയിലെ അമ്പതോളം സ്ഥലങ്ങളിൽ ശിബിരത്തിലെ ശിക്ഷാർഥികൾ സമ്പർക്കം നടത്തുകയും പുതിയ ഗോകുലം ആരംഭിക്കുകയും ചെയ്യും. അന്നേ ദിവസം വൈകിട്ട് നടക്കുന്ന പൊതു പരിപാടി പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും. പ്രസന്നകുമാർ കുമാർ മുഖ്യപ്രഭാഷണം നടത്തും.