ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിൽ അവധിക്കാല പരിശീലന പരിപാടികൾ
1540137
Sunday, April 6, 2025 6:21 AM IST
ആര്യങ്കാവ്: ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിൽ അവധിക്കാല പരിശീലന പരിപാടികൾ ഏഴിന് തുടങ്ങും. എൻഎംഎംഎസ് സ്കോളർഷിപ് പരീക്ഷ പരിശീലനം, കായിക പരിശീലന ക്യാമ്പ്, ഐടി പരിശീലനം എന്നിവർക്കാണ് സെന്റ് മേരീസ് ഹൈസ്കൂളിൽ വേനൽ അവധിക്കാലത്ത് പരിശീലനം നൽകുന്നത്.
എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് 48,000 രൂപ സ്കോളർഷിപ് ലഭിക്കുന്ന എൻഎംഎംഎസ് സ്കോളർഷിപ് പരീക്ഷ പരിശീലനം സൗജന്യമായി ഏഴു മുതൽ സ്കൂളിൽ നൽകും. പങ്കെടുക്കുവാൻ താത്പര്യമുള്ള ഏഴിൽ നിന്ന് എട്ടിലേക്ക് വിജയിക്കുന്ന ഏതു സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കും രണ്ടു മണിക്കൂർ വീതമുള്ള ക്ലാസ് ആഴ്ചയിൽ രണ്ടു ദിവസം നൽകുന്നു.
മെന്റൽ എബിലിറ്റി, സ്കോളാസ്റ്റിക് ആപ്റ്റിട്യൂട് ഈ മേഖലകളിലായിരിക്കും പരിശീലനം നൽകുന്നത്.ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിൽ ആരംഭിച്ചിരിക്കുന്ന ഫുട്ബോൾ, വോളി ബോൾ, ഹാൻഡ്ബോൾ, ക്രിക്കറ്റ്, ബാഡ്മിൻഡൺ, ഖോ - ഖൊ, കബഡി, ഗുസ്തി, അത്ലറ്റിക്സ് കോച്ചിംഗ് ക്ലാസിലേക്ക് പങ്കെടുക്കുവാൻ താത്പര്യമുള്ള ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾ സ്കൂളുമായി ബന്ധപ്പെടുക.
വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ 7.30 മുതൽ 9.30 വരെ ആയിരിക്കും പ്രാക്ടീസ്. ശനി, ഞായർ ദിവസങ്ങളിൽ പരിശീലനം ഉണ്ടായിരിക്കില്ല. കുട്ടികളിലെ കംപ്യൂട്ടർ അധിഷ്ഠിത കഴിവുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിംഗ് എന്നിങ്ങനെ വിവിധ മേഖലകളിൽ സൗജന്യ പ്രാക്ടിക്കൽ പരിശീലനം നൽകുന്നതിന് വേണ്ടി ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിൽ കംപ്യൂട്ടർ പഠനകളരിയും ആരംഭിക്കുന്നു.
പങ്കെടുക്കുവാൻ താത്പര്യമുള്ള ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾ സ്കൂളുമായി ബന്ധപ്പെടണം. ആഴ്ചയിൽ രണ്ടു മണിക്കൂർ വീതമുള്ള രണ്ടു ക്ലാസുകളായിരിക്കും ഉണ്ടാവുക.