അവധിക്കാലത്ത് സ്കൂളിലെത്താതെയും പഠിക്കാം...
1540731
Tuesday, April 8, 2025 2:48 AM IST
ആര്യങ്കാവ് : മധ്യവേനലവധിക്കാലത്തും കുട്ടികളുമായുള്ള ബന്ധം നിലനിർത്തുകയാണ് ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിലെ അധ്യാപകർ. ഇതിനായി അവധിക്കാല പ്രവർത്തനങ്ങൾക്ക് മാത്രമായി പ്രവർത്തന പുസ്തകം തയാറാക്കി. കുട്ടികളുടെ അവധി നഷ്ടപ്പെടാത്ത വിധമാണ് വർക്ക്ബുക്ക് ക്രമീകരിച്ചിരിക്കുന്നത്.
പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന ഇപ്പോൾ ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയാണ് സ്കൂളിലെ അധ്യാപകർ ഇത് തയാറാക്കിയത്.കുട്ടികൾക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യേണ്ട പ്രവർത്തനങ്ങളാണ് ഈ ബുക്കിൽ ഉള്ളത്.
ഭാഷാവിഷയങ്ങളും ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത വിഷയങ്ങളുടെ പ്രവർത്തനങ്ങളാണ് കുട്ടികൾക്ക് നൽകിയിരിക്കുന്നത്. കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ രണ്ടാഴ്ച കൂടുമ്പോൾ പ്രവർത്തനങ്ങളുടെ വിലയിരുത്തലും സെന്റ് മേരീസ് ഹൈസ്കൂളിൽ നടത്തും.
പഠന പ്രവർത്തനങ്ങളോടൊപ്പം സ്കൂളിൽ അവധിക്കാല കായികപരിശീലന ക്യാമ്പും സൗജന്യ ആനിമേഷൻ - ഗ്രാഫിക്സ്, പ്രോഗ്രാമിംഗ് പരിശീലന പരിപാടിയും സ്കൂളിൽ നടന്നു വരുന്നുണ്ട്.
പ്രവർത്തനങ്ങൾക്ക് അധ്യാപകരോടൊപ്പം സ്കൂൾ ഹെഡ്മാസ്റ്റർ ഷാനിൽ ജോസഫ്, സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് തയ്യിൽ, പിടിഎ പ്രസിഡന്റ് ഷിബു മാത്യു എന്നിവർ നേതൃത്വം നൽകി വരുന്നു.