ക്യാന്പിലുള്ളവർക്ക് ഭക്ഷണമൊരുക്കാൻ പണമില്ലെന്ന് പരാതി
1540523
Monday, April 7, 2025 6:23 AM IST
ചാത്തന്നൂർ: പഞ്ചായത്തിലെ കൗമാരക്കാർക്ക് വേണ്ടി ഇടനാട കവണാപ്പള്ളി കമ്യൂണിറ്റി ഹാളിൽ ഇന്ന് മുതൽ 11 വരെ നടക്കുന്ന ക്യാമ്പിൽ ഭക്ഷണമൊരുക്കാൻ പണമില്ലെന്ന് പരാതി. ഇവർക്ക് മൂന്നു നേരവും ഭക്ഷണം സംഘടിപ്പിക്കേണ്ടത് അങ്കണവാടി ജീവനക്കാരാണെന്നാണ് അധികൃതർ പറയുന്നത്.
പഞ്ചായത്തിനും ഫണ്ടില്ല ബ്ലോക്കിനും ഫണ്ടില്ല ഐസിഡിഎസ് പ്രോജക്ടിനും ഫണ്ടില്ലെന്നാണ് സിഡിപി ഒ അറിയിച്ചിരിക്കുന്നതെന്ന് അങ്കണവാടി ജീവനക്കാർ ആരോപിച്ചു. ചാത്തന്നൂർ പഞ്ചായത്തും ഐസിഡിഎസ് ഇത്തിക്കരയും സംയുക്തമായി ചേർന്നാണ് ഈ ക്യാമ്പ് നടത്തുന്നത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലാണ് ക്യാമ്പ്. 50ൽപരം കുട്ടികളെയാണ് പങ്കെടുപ്പിക്കാൻ ഉദ്ദേശിക്കുന്നത്. കടം മേടിച്ചിട്ടാണെങ്കിലും ഭക്ഷണം നൽകിയേ പറ്റൂ എന്നാണ് സിഡിപിഒ അറിയിച്ചിരിക്കുന്നത്.