മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടയിൽ യുവാവ് കിണറ്റിൽ വീണു
1540518
Monday, April 7, 2025 6:23 AM IST
ഓയൂർ: ഓയൂർ കരിങ്ങന്നൂരിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടയിൽ കിണറ്റിൽ വീണ യുവാവിനെ പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. കരിങ്ങന്നൂർ വികാസ് ഭവനിൽ വികാസ് (32)ആണ് കിണറ്റിൽ വീണത്. ശനിയാഴ്ച രാത്രി 12നാണ് സംഭവം. വക്ക് കെട്ടിയ കിണറിന്റെ കെട്ടിൽ ചാരിനിന്ന് മൊബൈലിൽ സംസാരിച്ചു കൊണ്ടിരുന്ന വികാസ് ബാലൻസ് തെറ്റി കിണറ്റിലേക്ക് വീഴുകയായിരുന്നു.
ശബ്ദം കേട്ട് വികാസിന്റെ അമ്മ വന്ന് നോക്കിയപ്പോഴാണ് മകൻ കിണറ്റിൽ വീണതാണെന്ന് മനസിലായത്. അമ്മയുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ കിണറ്റിൽ തടി ഏണി കെട്ടിയിറക്കിക്കൊടുത്തു.
15 അടിയോളം വെള്ളമുള്ള കിണറ്റിൽ ഏണിയിൽ കയറിനിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൂയപ്പള്ളി പോലീസും നാവായിക്കുളത്ത് നിന്നെത്തിയ അഗ്നിശമന സേനാ അംഗങ്ങളും ചേർന്നാണ് വികാസിനെ കരയ്ക്കെടുത്തത്. പരിക്കേറ്റ വികാസ് ആശുപത്രിയിൽ ചികിത്സ തേടി.