സിപിഎമ്മിന്റെ അമരത്ത് പ്രാക്കുളംകാരൻ
1540515
Monday, April 7, 2025 6:23 AM IST
കൊല്ലം: നാട്ടുകാർ സ്നേഹബഹുമാനത്തോടെ " പ്രാക്കുളം ചെഗുവേര " എന്ന് വിളിക്കുന്ന കൊല്ലത്തിന്റെ സ്വന്തം ബേബി സഖാവ് ഇനി സിപിഎമ്മിന്റെ അമരത്ത്. പാർട്ടിയുടെ സമകാലിക ചരിത്രത്തില്‍ വേറിട്ട നേതാവായാണ് അദ്ദേഹത്തെ പൊതുവേ വിലയിരുത്തപ്പെടുന്നത്.
പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങളില് ജീവിക്കുന്ന പരമ സാത്വികനായ ഒരു കമ്യുണിസ്റ്റ്കാരനെക്കാൾ വ്യത്യസ്തമാണ് എം.എ. ബേബിയുടെ ജീവിതവും പ്രവർത്തന ശൈലിയും. എല്ലാ മേഖലകളിലും അദ്ദേഹം തന്റേതായ കൈയൊപ്പ് ചാർത്തിയിട്ടുമുണ്ട്.
കായികരംഗമെടുത്താൽ ടെന്നീസും ക്രിക്കറ്റും ഫുട്ബോളുമൊക്കെ ആധികാരികമായി വിലയിരുത്തുന്ന വ്യക്തിത്വം. കൗമാരത്തില്‍ മികച്ച കാല്പ്പന്തുകളിക്കാരനുമായിരുന്നു. ലോകത്ത് ഏത് കോണിൽ പോയാലും വിംബിള്‍ഡണ്‍ അടക്കമുള്ള മേജര്‍ കായിക മത്സരങ്ങൾ ഒന്നും ബേബി വിട്ടുകളയാറില്ല.
സംഗീതത്തോട് അദ്ദേഹത്തിന് അടങ്ങാത്ത അഭിനിവേശമാണ്. പഴയ പാട്ടുകളും ന്യൂജെൻ ഗാനങ്ങളുമെല്ലാം കേട്ട് വിലയിരുത്തുന്നതിൽ ബേബിക്ക് അസാമാന്യ പാടവമാണുള്ളത്.
വി.എസ്.അച്യുതാനന്ദന് കഴിഞ്ഞാല്‍ പിന്നെ സിപിഎമ്മില്‍ കണ്ണൂര്‍ ലോബിക്കപ്പുറം തലയെടുപ്പുള്ള നേതാവാണ് ബേബി.
ഒരു കാലത്ത് ദേശീയ രാഷ്്ട്രീയത്തിന്റെ ഭാഗമായി ബേബി രാജ്യ തലസ്ഥാനമാണ് കർമ മേഖലയാക്കിയത്. പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചപ്പോൾ മുതൽ അദ്ദേഹത്തിൽ പ്രതീക്ഷ അര്‍പ്പിച്ച നേതാക്കൾ നിരവധിയാണ്. പാർട്ടിയെ ദേശീയ തലത്തിൽ തന്നെ നയിക്കാൻ കെൽപ്പും പക്വതയുമുള്ള സഖാവായി മുതിർന്ന നേതാക്കൾ അടക്കം പല കുറി വിലയിരുത്തിയിട്ടുമുണ്ട്.
ഒടുവിൽ ആ ചരിത്ര നിയോഗം മധുരയിലെ പാർട്ടി കോൺഗ്രസിലൂടെ ബേബിയെ തേടി എത്തിയിരിക്കയാണ്.
ആശയപരമായ പ്രതിസന്ധികൾ പാർട്ടിക്കുള്ളിൽ ഉണ്ടായപ്പോഴെല്ലാം അതിനുള്ള പ്രത്യയശാസ്ത്ര പ്രതിവിധികൾ നേരത്തേ നിശ്ചയിച്ചിരുന്നത് മലയാളിയായ ഇ.എം.എസ് നമ്പൂതിരിപ്പാട് ദേശീയ സെക്രട്ടറി ആയിരുന്നപ്പോഴാണ്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു മലയാളി പാർട്ടിയുടെ ഉന്നത സ്ഥാനത്ത് എത്തുമ്പോൾ വലിയ പ്രതീക്ഷയാണ് നേതാക്കളും അണികളും വച്ചുപുലർത്തുന്നത്.