ജില്ലാ കളക്ടറുടെ പേരിലും പണം തട്ടിപ്പ് ശ്രമം
1540142
Sunday, April 6, 2025 6:22 AM IST
കൊല്ലം: വാട്സ്ആപ്പ് വഴി പണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർ എൻ. ദേവീദാസിന്റെ പേരിലും സന്ദേശം.
പള്ളിമൺ വില്ലേജ് ഓഫീസർ ക്കാണ് സന്ദേശം ലഭിച്ചത്. അടിയന്തര മീറ്റിംഗിൽ പങ്കെടുക്കുന്നത് കൊണ്ട് ഫോൺ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നും അടിയന്തരമായി പണം ട്രാൻസ്ഫർ ചെയ്ത് നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സന്ദേശം.
വിവരം അറിഞ്ഞ ജില്ലാ കളക്ടർ സിറ്റി പോലീസ് കമ്മീഷണറെ അറിയിച്ചു. തുടർന്ന് പോലീസ് സംഭവം അന്വേഷിച്ച് തുടർപടികൾ സ്വീകരിക്കുകയാണ്. സൈബർ കുറ്റവാളികൾ സജീവമാണെന്നും എല്ലാ വിഭാഗം ജനങ്ങളും തട്ടിപ്പിന് ഇരയാകാതെ ജാഗ്രത പാലിക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.