രോഗികളെ മാനിക്കാതെ ഡോക്ടർ ; പ്രതിഷേധിച്ച് രോഗികൾ
1540521
Monday, April 7, 2025 6:23 AM IST
കൊല്ലം : ഡ്യൂട്ടി സമയം കഴിഞ്ഞുവെന്ന ന്യായം പറഞ്ഞ് കാത്തുനിന്ന രോഗികളെ പരിശോധിക്കാൻ തയാറാവാതെ ഡോക്ടർ മടങ്ങിയതായി പരാതി.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഫിസിഷ്യനെതിരെയാണ് രോഗികൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നായതോടെ പരിശോധന നിർത്തി ഡോക്ടർ ബാഗും എടുത്ത് പുറത്തേക്ക് പോയി.
ഈ സമയം ഏഴ് രോഗികൾ മാത്രമാണ് മുറിക്ക് പുറത്തുണ്ടായിരുന്നത്. അവരെ കൂടി പരിശോധിക്കാൻ ഡോക്ടർ തയാറായില്ല. പുറത്തിരിക്കുന്ന രോഗികളോട് പരിശോധന അവസാനിച്ചെന്നോ അത്യാഹിത വിഭാഗത്തിൽ പോയി വേറെ ഡോക്ടർമാരെ കാണാനോ പറയാതെയാണ് ഡോക്ടർ മടങ്ങിയത്. ഇതേ സമയം ഒപി കൗണ്ടറിൽ നിന്നും ഫിസിഷ്യനെ കാണാനായി പുതിയ ഒപി ടിക്കറ്റുമായി രോഗികൾ വന്നു കൊണ്ടേയിരുന്നു.
ഏറെ നേരം കാത്തിരിന്നിട്ടും ഡോക്ടർ വരാതിരുന്നതോടെ രോഗികളും കൂടെ വന്നവരും പ്രതിഷേധവുമായി രംഗത്ത് വന്നു. ആശുപത്രി സൂപ്രണ്ട് അവധിയായതിനാൽ ചുമതലയുണ്ടായിരുന്ന ഡോക്ടറെ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ വിളിച്ചതിനെ തുടർന്ന് അര മണിക്കൂറിന് ശേഷം ഫിസിഷ്യൻ വീണ്ടും എത്തി രോഗികളെ പരിശോധിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ഒപി വിഭാഗം പരിശോധനയെങ്കിലും പല ഡോക്ടർമാരും എത്തുന്നത് ഒമ്പതോടെയാണ്. ഈ സമയം മിക്ക ഡോക്ടർമാരുടെയും മുറികൾകൾക്ക് മുന്നിൽ രോഗികളുടെ തിരക്കാവും.
ചില ഡോക്ടർമാർ പരിശോധന സമയം കഴിഞ്ഞാലും പുറത്ത് കാത്ത് നിൽക്കുന്ന എല്ലാ രോഗികളെയും പരിശോധിച്ച ശേഷമാവും മടങ്ങുക. ആശുപത്രിയ്ക്ക് അടുത്ത് തന്നെയുള്ള സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിലേക്ക് പോകാനുള്ള തിരക്കിലാണ് ഇവരെന്ന് ആക്ഷേപവും ഉണ്ട്.