സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസ് : രണ്ടുപേർ അറസ്റ്റിൽ
1539848
Saturday, April 5, 2025 6:12 AM IST
പൂയപ്പള്ളി: ആറ് പവന്റെ സ്വർണാഭരണങ്ങൾ മോഷ്്ടിച്ച കേസിൽ രണ്ടുപേർ പൂയപ്പള്ളി പോലീസിന്റെ പിടിയിലായി. പൂയപ്പള്ളി ചെങ്കുളം തോട്ടിൻകര മല്ലിക ഭവനിൽ പാച്ചൻ എന്ന് വിളിക്കുന്ന ബിജു (47), തോട്ടിൻ കര മല്ലികാഭവനിൽ ബാബു(50) എന്നിവരാണ് പിടിയിലായത്. വിദേശമലയാളിയായ ചെങ്കുളം പുളിമൂട്ടിൽ വീട്ടിൽ പി.സി. ബാബുവിന്റെ നാലര പവൻ തൂക്കമുള്ള സ്വർണമാലയും ഒന്നര പവന്റെ മോതിരവുമാണ് മോഷണംപോയത്.
പ്രവാസിയായ ബാബു വീട്ടിൽ ഒറ്റയ്ക്കായിരുന്ന ദിവസം കുളിക്കുന്നതിനായി സ്വർണാഭരണങ്ങൾ ഊരി കിണറിന്റെ കെട്ടിന് മുകളിൽ വച്ച ശേഷം വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കാൻ കയറിയപ്പോഴാണ് മോഷണം നടന്നത്.
സ്വർണാഭരണങ്ങൾ ഊരിവച്ച കാര്യം ബാബു മറന്നുപോയി. രണ്ട് ദിവസത്തിനു ശേഷമാണ് സ്വർണാഭരണങ്ങൾ നഷ്്ടപ്പെട്ടതായി മനസിലായത്. പിന്നീട് പി .സി .ബാബു ഗൾഫിലേക്ക് മടങ്ങിപ്പോയി. രണ്ട് ദിവസം മുൻപ് മടങ്ങി എത്തിയ ഇദ്ദേഹം കഴിഞ്ഞ ദിവസം സ്വണാഭരണങ്ങൾ നഷ്്ടപ്പെട്ടതായി പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതിനൽകി.
അന്വേഷണം നടത്തിയ പോലീസ് ബാബുവിന്റെ വീട്ടിലെ പുറംപണിക്കാരനായ ബിജുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുമ്പോൾ അയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. കിണറിന്റെ വക്കിൽ നിന്നും എടുത്ത ആഭരണങ്ങൾ ബിജു ബന്ധുവായ ബാബുവിനെ എൽപ്പിച്ചു.
ഇവർ ആഭരണങ്ങൾ മുറിച്ച് പലകഷണങ്ങളാക്കി പല ജ്വല്ലറികളിൽ വിൽക്കുകയായിരുന്നു. സ്വർണാഭരണങ്ങൾക്ക് നാല് ലക്ഷത്തോളം രൂപ വിലവരും. ആഭരണങ്ങൾ വിറ്റ് കിട്ടിയ പൈസ ഉപയോഗിച്ച് ഒരു പോത്തിനെയും മൊബൈൽ ഫോണും വാങ്ങുകയും ബാക്കി തുക വിവിധ ആവശ്യങ്ങൾക്കായി ചെലവഴിക്കുകയും ചെയ്തു.
പൂയപ്പള്ളി സിഐ എസ്.ടി.ബിജുവിന്റെ നിർദേശപ്രകാരം എസ്ഐ എം.രജനീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനിൽകുമാർ ,രാജേഷ്, ബിനു ജോർജ്, സിവിൽ പോലീസ് ഓഫീസർമാരായ റിജു, അൻവർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.