മാലിന്യം നിറഞ്ഞ് കുറവൻപാലം തോട്
1540115
Sunday, April 6, 2025 6:12 AM IST
കൊല്ലം :ആശ്രാമം മൈതാനത്തിനു സമീപത്തെ കുറവൻപാലം തോട് മാലിന്യ വാഹിനിയായി. നാളേറെയായി പലതരം മാലിന്യങ്ങൾ നിറഞ്ഞ് പൂർണമായും ഒഴുക്ക് നിലച്ച അവസ്ഥയിലാണ് തോട്. നൂറുകണക്കിനു പ്ലാസ്റ്റിക് കുപ്പികളാണ് തോട്ടിൽ പ്രതിദിനം തള്ളുന്നത്.
മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും ഇതോടൊപ്പമുണ്ട്.ദൂരസ്ഥലങ്ങളിൽ നിന്നടക്കം രാപകൽ വ്യത്യാസമില്ലാതെയാണ് ആൾക്കാർ ബൈക്കിലും പെട്ടി ഓട്ടോയിലുമൊക്കെ എത്തി ഇവിടേയ്ക്ക് മാലിന്യം തള്ളുന്നത്.
തോടിന്റെ ഇരുവശവും കാടുമൂടിയ നിലയിലായത് കാരണം മാലിന്യം തള്ളുന്നവർക്ക് സൗകര്യമാണ്. അറവുശാലകളിൽനിന്നുള്ള മാലിന്യവും കക്കൂസ് മാലിന്യവും ഉൾപ്പടെ തള്ളുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്.
നൂറുകണക്കിനു വീടുകളാണ് പ്രദേശത്തുള്ളത്. മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ കൊതുകുശല്യം രൂക്ഷമാണ്. പകർച്ചവ്യാധി ഭീഷണിയുമുണ്ട്.
സമീപപ്രദേശങ്ങളിലെ കിണറുകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നതായും വ്യാപക പരാതിയുണ്ട്.മഴപെയ്താൽ തോട്ടിലെ മാലിന്യം മുഴുവൻ ചെന്നെത്തുന്നത് സമീപത്തെ മണിച്ചിത്തോട്ടിലേക്കും അവിടെനിന്ന് അഷ്ടമുടിക്കായലിലേക്കുമാണ്. തോടിനോടു ചേർന്നുള്ള റോഡിന്റെ ഒരുവശത്തു നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിൽ പിടിക്കപ്പെടാതിരിക്കാൻ മറുവശത്തു നിന്നാണ് മാലിന്യം തള്ളൽ പതിവായി നടക്കുന്നത്.
തോടിന്റെ പരിസരത്തു താമസിക്കുന്നവർക്ക് പ്രധാന റോഡിലേക്ക് കയറുന്നതിനുള്ള നടപ്പാതയും ഇതിനു സമീപത്തുകൂടിയാണ് പോകുന്നത്. മഴപെയ്താൽ വെള്ളം നിറഞ്ഞ് ഇതുവഴിയുള്ള കാൽനടയും ദുരിതത്തിലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ആശുപത്രിയിലേതുൾപ്പടെയുള്ള സ്ഥാപനങ്ങളിൽനിന്ന് മലിനജലക്കുഴലും തോട്ടിലേക്ക് തുറന്നിട്ടുണ്ട്. കവറുകളിലും ചാക്കുകളിലും പച്ചക്കറി അവശിഷ്ടങ്ങൾ ഉൾപ്പടെയാണ് തോട്ടിൽ വലിച്ചെറിയുന്നത്.
തോടിനു മുകളിൽ സ്ലാബിടണമെന്നും മാലിന്യം മാറ്റി നീരൊഴുക്ക് സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കോർപറേഷൻ അധികൃതരെ സമീപിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരിസരവാസികൾ പറയുന്നത്.