ആദിവാസി യുവതി മരിച്ച നിലയില്‍: ആണ് സുഹൃത്ത് കസ്റ്റഡിയില്‍
1539913
Saturday, April 5, 2025 10:48 PM IST
ആര്യങ്കാവ് : അച്ചന്‍കോവില്‍ വനത്തില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാമ്പഴത്തറ സ്വദേശിയും ചെമ്പനഴികത്ത് താമസിച്ചുവരുന്ന രാജമ്മ (45) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജമ്മയോടൊപ്പം വര്‍ഷങ്ങളായി താമസിച്ചുവരുന്ന പങ്കാളി തോമസിനെ അച്ചന്‍കോവില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ചെമ്പരത്തിപ്പാറ ഭാഗത്തുനിന്നും ഇന്നലെ രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരും വനത്തിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകാറുണ്ട്. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് പാറയില്‍ കയറുന്നതിനിടെ രാജമ്മ വീണിരുന്നു എന്നും വീഴ്ചയില്‍ തലക്ക് പരിക്കേറ്റിരുന്നു എന്നും കസ്റ്റഡിയിലുള്ള തോമസ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.
വീഴ്ചയില്‍ ഉണ്ടായ പരിക്കാണോ മരണ കാരണം എന്നതടക്കം പോലീസിന് സ്ഥിരീകരിക്കേണ്ടതായിട്ടുണ്ട്. ഇവരോടൊപ്പം മറ്റുചിലരും വനത്തിനുള്ളില്‍ ഉണ്ടായിരുന്നു. ഇവരെയാടക്കം കണ്ടെത്തി വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് പോലീസ്.