നിയന്ത്രണംവിട്ട കാർ റബർതോട്ടത്തിൽ പതിച്ചു
1540120
Sunday, April 6, 2025 6:12 AM IST
കുളത്തൂപ്പുഴ: മലയോര ഹൈവേയിൽ നിയന്ത്രണംവിട്ട കാർ അപകടത്തിൽ പെട്ടു. ഒരു കുട്ടിയടക്കം കാറിലുണ്ടായിരുന്ന കുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ മടത്തറ - കുളത്തൂപ്പുഴ പാതയിൽ താഴേ ഓന്തുപച്ച ജംഗ്ഷനു സമീപത്തായിരുന്നു അപകടം.
ചോഴിയക്കോട് നിന്നും കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിറഞ്ഞു കിടന്ന മാലിന്യത്തിൽ കയറാതിരിക്കാൻ വെട്ടിക്കവേ നിയന്ത്രണംവിട്ട കാർ പാതയോരത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പന്ത്രണ്ടടിയോളം താഴ്ചയിൽ റബർ തോട്ടത്തിലേക്ക് വീണ കാർ സമീപത്തുണ്ടായിരുന്ന മരത്തിൽ ഇടിച്ചാണ് നിന്നത്. കാറിലുണ്ടായിരുന്ന ചോഴിയക്കോട് മിൽപ്പാലം ജിഷ്ണു വിലാസം വീട്ടിൽ ശിശുപാലൻ, ഭാര്യ ഉഷ, മകൻ ജിഷ്ണു എന്നിവരെ നിസാര പരിക്കുകളോടെ കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
ഹൈവേയുടെ വശത്തെ ഉയർന്ന പ്രദേശത്തു നിന്നും കനത്ത മഴയിൽ മണ്ണും ചരലും പാറക്കഷണങ്ങളും ഒഴുകിയെത്തുന്നത് പതിവാണെന്നും പാതയോരത്തായി മലിനജലം ഒഴുകിപോകുന്നതിനായി നിർമിച്ചിട്ടുള്ള ഓടകളെല്ലാം തന്നെ ചപ്പും ചവറും നിറഞ്ഞു മണ്ണുമൂടി കിടക്കുന്ന അവസ്ഥയിലാണ്.