ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറി തദ്ദേശസ്ഥാപനങ്ങൾക്ക് മാതൃക
1539844
Saturday, April 5, 2025 6:12 AM IST
ചാത്തന്നൂർ: നാടിന്റെ വൈജ്ഞാനിക പുരോഗതിക്ക് അക്ഷരവെളിച്ചം പകരുകയാണ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്രന്ഥശാല. വായനശാലയ്ക്ക് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം പാലിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരം നേടുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് ഗ്രന്ഥശാലയായി മാറിയിരിക്കുകയാണ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്രന്ഥശാല. തദ്ദേശസ്ഥാപനങ്ങൾക്ക് തന്നെ ഈ ഗ്രന്ഥശാല മാതൃകയാവുകയാണ്.
വിജ്ഞാനപ്രദമായ സമൂഹമാണ് പ്രദേശത്തിന്റെ മുന്നേറ്റത്തിന് അനിവാര്യമെന്ന ഭരണസമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മികവുറ്റ ലൈബ്രറിക്കായി ഏകാഭിപ്രായം ഉയർന്നത്. പൗരാണികമായി ആർജിച്ച വിജ്ഞാനസമ്പത്തും പുരോഗതിയുടെനാൾവഴികളും തലമുറകൾക്ക് കൈമാറി നൽകുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയുമാണ് ഇതോടെ.
ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിൽ സാംസ്കാരിക കാർഷിക മ്യൂസിയവും ലൈബ്രറിയും ആണ് യാഥാർഥ്യമായത്. ആദ്യകാല സർക്കാർഓഫീസുകളുടെ മാതൃകയിൽ പണികഴിപ്പിച്ചതും മുൻ മുഖ്യമന്ത്രി ഇ.എം.എസ് തറക്കല്ലിട്ടതുമായ ബ്ലോക്ക് പഞ്ചായത്തിന്റെ പഴയകെട്ടിടത്തിന് രൂപമാറ്റം വരുത്താതെയും പൊളിച്ചു മാറ്റാതെയും തനിമനിലനിർത്തിയാണ് വായനാകേന്ദ്രത്തിന്റെ നിർമിതി.
ലൈബ്രറി കൗൺസിൽ അഫിലിയേഷൻ നേടുന്നതിനുള്ള മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സംവിധാനങ്ങളൊരുക്കിയത്. 1000- ൽ അധികംവരുന്ന പുസ്തകശേഖരം, നിശ്ചിതഎണ്ണം അംഗത്വം, ആഭ്യന്തര പ്രവർത്തനങ്ങൾ ക്രമീകരിക്കുന്ന രജിസ്റ്ററുകളുടെ കൃത്യമായ പരിപാലനം തുടങ്ങി ഒരു വർഷത്തെ പ്രവർത്തനം ഉൾപ്പടെ വിലയിരുത്തിയാണ് ഗ്രന്ഥശാല സംഘം അംഗീകാരം നൽകിയത്.ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും സാമൂഹിക സാംസ്കാരിക പൊതുരംഗങ്ങളിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്തി 15 അംഗ സമിതി ഗ്രന്ഥശാലയുടെ മേൽനോട്ടത്തിനായി രൂപീകരിച്ചിട്ടുണ്ട്.
ഗ്രന്ഥശാലയ്ക്ക് പ്രവർത്തന നിയമാവലി തയാറാക്കുകയും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്്ടറുടെ അനുമതി ലഭിക്കുകയും ചെയ്തു. ഇംഗ്ലീഷ് ഉൾപ്പടെ ഇതരഭാഷാദിനപത്രങ്ങളും ഇരുപതിൽപരം ആഴ്ചപ്പതിപ്പുകളും മാസികകളുമുള്ള ഗ്രന്ഥശാലയുടെ പ്രവർത്തനം രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറുവരെയാണ്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപയുടെ പുസ്തക ഷെൽഫുകളും ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
നിലവിൽ വിവിധ മേഖലകളിലുള്ള 3000ത്തിലധികം വരുന്ന പുസ്തക സമ്പത്ശേഖരം ഒരുക്കിയിട്ടുമുണ്ട്.കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പരിധിയിലുള്ള ചാത്തന്നൂർ-ചിറക്കര നേതൃസമിതിയുടെ ഭാഗമായ ഗ്രസ്ഥശാലയിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ തനത്പദ്ധതികളും സംഗമങ്ങളും വിവിധ വേദികളുടെ രൂപീകരണങ്ങളും വരുംവർഷങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.
ബാലവേദി, യുവജനവേദി, വനിതാവേദി, വയോജനവേദി, കലാ-സാംസ്കാരിക വേദി, വിമുക്തി, അക്ഷരസേന, വായനകൂട്ടായ്മ, പുസ്തക ചർച്ചകൾ, സെമിനാറുകൾ എന്നിങ്ങനെ വിപുലമായ പ്രവർത്തനങ്ങൾ നടത്തി പ്രായഭേദമന്യേ എല്ലാവരെയും ലൈബ്രറിയുടെ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുകയാണ് ഇവിടെ.അടുത്ത ഘട്ടത്തിൽ സമ്പൂർണ ഡിജിറ്റൽ ലൈബ്രറിയാക്കി മാറ്റുകയാണ് ലക്ഷ്യം.
വിദേശസർവകലാശാലകളിലെ പഠനത്തിന് ഉൾപ്പെടെ സഹായകമാകുന്ന പുസ്തകങ്ങൾ ലഭ്യമാകുന്ന വിദ്യാഭ്യാസകേന്ദ്രമായി ഗ്രന്ഥശാലയെ ഉയർത്താനും പദ്ധതിയുണ്ട്. കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുന്നതിനുള്ള ലക്ഷ്യം യാഥാർഥ്യമാക്കുന്നതിന് ജോബ് സ്റ്റേഷനുകളായും വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ അത്യാധുനിക നോളജ് ഹബ്ബുകളായും ഗ്രന്ഥശാലയെപരിവർത്തനപ്പെടുത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ. ശ്രീകുമാർ പറഞ്ഞു.