അമൃത ഇന്നോവേഷൻ റിസർച്ച് അവാർഡുകൾ പ്രഖ്യാപിച്ചു
1539846
Saturday, April 5, 2025 6:12 AM IST
അമൃതപുരി: ഗവേഷണങ്ങൾ ആഗ്രഹങ്ങൾക്ക് വേണ്ടിയാവരുത് മറിച്ച് ആവശ്യങ്ങൾക്ക് വേണ്ടിയാവണമെന്ന് മാതാ അമൃതാനന്ദമയി.
ആവശ്യങ്ങളും ആഗ്രഹങ്ങളും രണ്ടും രണ്ടാണെന്ന് ഓർമിപ്പിച്ച അമൃതാനന്ദമയി ഗവേഷണങ്ങൾ ആരംഭിച്ചത് മറ്റുള്ളവരെ സഹായിക്കാനാണെന്നും ഗവേഷണങ്ങൾ നല്ല രീതിയിൽ ചെയ്യണോ തെറ്റായ രീതിയിൽ ചെയ്യണോ എന്ന് തീരുമാനിക്കുന്നത് ഗവേഷകരാണെന്നും അമൃത ഇന്നോവേഷൻ റിസർച്ച് അവാർഡുകൾ (ഐറ) പ്രഖ്യാപിച്ചു സംസാരിക്കവേ പറഞ്ഞു.
സർവകലാശാലയിൽ നിന്നും വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന അധ്യാപകർക്കും ഗവേഷകർക്കും ഏർപ്പെടുത്തിയിട്ടുള്ള അമൃത ഇന്നോവേഷൻ റിസർച്ച് അവാർഡുകൾ (ഐറ) പ്രഖ്യാപിച്ചു.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ അഞ്ചുദിവസങ്ങളിലായി നടക്കുന്ന അമൃത റിസർച്ച് ആൻഡ് ഇന്നോവേഷൻ സിമ്പോസിയം ഫോർ എക്സലൻസ് - എറൈസ് 2025ന്റെ ഭാഗമായി മാതാ അമൃതാനന്ദമയി മഠത്തിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. വിജയികൾക്ക് എട്ടുകോടിയോളം രൂപയുടെ ക്യാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.
സ്റ്റാൻഫോർഡ് സർവകലാശാല തെരഞ്ഞെടുത്ത ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞന്മാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അമൃത സർവകലാശാലയിലെ അധ്യാപകർക്കും ഗവേഷകർക്കുമുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
സർവകലാശാലയുടെ ചാൻസലർ കൂടിയായിട്ടുള്ള സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തിൽ മുഖ്യാതിഥി ഐ എസ് ആർ ഒ ചെയർമാനും ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെയ്സ് സെക്രട്ടറിയുമായ ഡോ. വി. നാരായണൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
സർവകലാശാലയിലെ 27 പേരാണ് ഈ വർഷത്തെ സ്റ്റാൻഫോർഡ് സർവകലാശാലയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ചടങ്ങിൽ അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റ്സ്വാമി അമൃതസ്വരൂപാനന്ദപുരി, വൈസ് ചാൻസലർ ഡോ. വെങ്കട്ട് രംഗൻ, പ്രൊവോസ്റ്റ് ഡോ. മനീഷ. വി. രമേഷ്, രജിസ്ട്രാർ ഡോ. കെ.ശങ്കരൻ, ഡോ. ബാലകൃഷ്ണൻ ശങ്കർ, ഡോ. കൃഷ്ണ, അച്യുതൻ, ഡോ. ഗീതാകുമാർ എന്നിവർ പ്രസംഗിച്ചു.
പുതിയ കാലഘട്ടത്തിനാവശ്യമായ നൂതനാശയങ്ങൾ ചർച്ച ചെയ്യുന്നതിനും സർവകലാശാലയിലെ ഗവേഷകർക്ക് പരിശീലനം നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന സിമ്പോസിയത്തിൽ അമൃത വിശ്വവിദ്യാപീഠത്തിലെ ഗവേഷകർക്ക് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അക്കാദമിക രംഗത്തെ വിദഗ്ധരും ഗവേഷകരും ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളും പങ്കെടുക്കും.