യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ നടപടികളുമായി ജില്ലാ ഭരണകൂടം
1540121
Sunday, April 6, 2025 6:12 AM IST
കൊല്ലം: യുവ വോട്ടര്‍മാരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്.
ഇലക്ടറല്‍ റോള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിച്ച് വോട്ടര്‍ പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിലും തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പങ്കാളികളാകുന്നതിലും യുവ വോട്ടര്‍മാര്‍ വിമുഖത കാണിക്കുന്നുവെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ബി.എല്‍.ഒ-ബി.എല്‍.എ യോഗങ്ങളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോളേജുകളില്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബുകളുടെ സഹകരണത്തോടെ ഇന്‍ഹൗസ് വോട്ടര്‍ രജിസ്ട്രേഷന് ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് യുവ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനും ബോധവത്കരണത്തിനും 'സ്വീപ്' പദ്ധതി മുഖേന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
പോളിംഗ് സ്റ്റേഷന് തലത്തില്‍ നടക്കുന്ന ബി എല്‍ ഒ - ബി എല്‍ എ യോഗങ്ങളുടെ പുരോഗതിയും രാഷ്ട്രീയ പാര്‍ട്ടികള്‍ കൈമാറിയ ബൂത്ത് ലെവല്‍ ഏജന്റുമാരുടെ വിവരങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.