അവധിക്കാല റോളർ സ്കേറ്റിംഗ് പരിശീലനം തുടങ്ങി
1539838
Saturday, April 5, 2025 6:00 AM IST
കൊല്ലം: അവധിക്കാല റോളർ സ്കേറ്റിംഗ് പരിശീലനം കൊല്ലത്ത് തുടങ്ങി. പുതുതായി സ്കേറ്റിംഗ് പഠിക്കുന്നവർക്കായി കൊല്ലം റോളർ സ്കേറ്റിംഗ് ക്ലബ് നടത്തുന്ന രണ്ടു മാസത്തെ ജില്ലാതല പരിശീലനം ലാൽബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ ആരംഭിച്ചു. പെൺകുട്ടികളുൾപ്പെടെയുള്ള കുരുന്നു സ്കേറ്റിംഗ് താരങ്ങളും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.
ആൺകുട്ടികളിൽ നാലര വയസുള്ള എ.ആരവും പെൺകുട്ടികളിൽ രണ്ടര വയസുള്ള ഐറിനുമാണ് ഏറ്റവും പ്രായം കുറഞ്ഞ സ്കേറ്റിംഗ് താരങ്ങൾ. അയാൻ അഖിൽ സുധാകർ, എ.ആർ.അനിരുദ്ധ്, എ.നിരഞ്ജൻ,വിദ്വൈത് വിനോദ്, ആദം അഫ്നാൻ, മെഹബൂബ് യൂസഫ് എന്നിവരും പ്രായംകുറഞ്ഞവരാണ്. വൈകുന്നേരം അഞ്ചിന് ലാൽബഹാദൂർ സ്റ്റേഡിയത്തിലും മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കായി രാവിലെ 6.30ന് റെയിൽവേ ഓവർബ്രിഡ്ജിനടുത്തുള്ള ബീച്ച് റോഡിലുമാണ് പരിശീലനം.
മുൻ വർഷങ്ങളിൽ ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ സ്പീഡ് സ്കേറ്റിംഗ്, റോളർ സ്കൂട്ടർ, റോളർ ഹോക്കി എന്നിവയുടെ പരിശീലനവും ഇതോടൊപ്പമുണ്ട്. ജില്ലാ, സംസ്ഥാന അസോസിയേഷൻ അംഗീകൃത പരിശീലകരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 37 വർഷമായി ക്യാമ്പ് നടക്കുന്നുണ്ടെന്ന് സെക്രട്ടറിയും റോളർ സ്കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാനുമായ പി.ആർ.ബാലഗോപാൽ പറഞ്ഞു. ജില്ലയിലെ മറ്റിടങ്ങളിലെ പരിശീലനം 12 മുതൽ തുടങ്ങും. താത്പര്യമുള്ളവർക്ക് ക്യാമ്പിലേക്ക് ഇനിയും പ്രവേശനം നൽകുമെന്നു സംഘാടകർ അറിയിച്ചു. ഫോൺ: 9447230830.