യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
1540116
Sunday, April 6, 2025 6:12 AM IST
കൊല്ലം: കുന്നിക്കോട് ആവണീശ്വരത്ത് ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരേ പരാതി നൽകിയതിന് പിന്നാലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്ത്. ആവണീശ്വരം റഹ്മത്ത് മൻസിലിൽ ഷെഹീമിന്റെ ഭാര്യ പത്തനാപുരം പുന്നല തെക്കേക്കര നൗഫിയ മൻസിലിൽ നൗഫിയ(23)യുടെ മരണത്തിലാണ് ദുരൂഹതയെന്ന് പരാതി ഉയർന്നിട്ടുള്ളത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് നൗഫിയയെ കഴിഞ്ഞ രണ്ടിന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നൗഫിയയും ഷെഹീമും കുടുംബവീട്ടിൽ നിന്ന് മാറി വാടക വീട്ടിലായിരുന്നു താമസം. ഈ വീട്ടിലാണ് നൗഫിയയെ മരിച്ച നിലയിൽ കാണപ്പെട്ടത്. നൗഫിയയും ഷെഹീമിന്റെ മാതാപിതാക്കളും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് വിവരം.
ഇവർക്കെതിരേ കുന്നിക്കോട് പോലീസിന് നൗഫിയ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ മരണം സംഭവിച്ചത്.ഇതിൽ അസ്വാഭാവികതയും ദുരൂഹതയുമുണ്ടെന്നാണ് നൗഫിയയുടെ വീട്ടുകാരുടെ പരാതി. പുനലൂരിൽ സ്വകാര്യ നഴ്സിംഗ് കോളജിൽ നഴ്സിംഗ് വിദ്യാർഥിയായിരുന്നു നൗഫിയ.
ആദ്യ വിവാഹ ബന്ധം വേർപെടുത്തിയിരു ന്നു. പിന്നീട് സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഷെഹീമുമായി ഒന്നര വർഷം മുമ്പായിരുന്നു നൗഫിയയുടെ വിവാഹം. കുടുംബത്തിന്റെ ആരോപണത്തിൽ കുന്നിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.