കൊട്ടാരക്കര ബൈപാസ് ഭൂമി ഏറ്റെടുക്കാൻ അനുമതിയായി
1488912
Saturday, December 21, 2024 6:35 AM IST
കൊട്ടാരക്കര: എം സി റോഡിന് സമാന്തരമായി ബൈപാസ് റോഡ് നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതിയായി. 4.32 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. കൊട്ടാരക്കര വില്ലേജിലെ 2.65 ഹെക്ടറും മൈലം വില്ലേജിലെ 1.67 ഹെക്ടറുമാണ് ഏറ്റെടുക്കുക. ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഉത്തരവും ആയിട്ടുണ്ട്.
എം സി റോഡും ദേശീയ പാതയും സംഗമിക്കുന്ന കൊട്ടാരക്കരയിൽ അതിരൂക്ഷമായ ഗതാഗത പ്രശ്ന മാണുള്ളത്. രോഗിയുമായി വരുന്ന ആംബുലൻസുകൾക്കു പോലും കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്.ഇതിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് മന്ത്രി കെ. എൻ .ബാലഗോപാൽ മുൻകൈയെടുത്ത് സമാന്തര പാതക്ക് തുടക്കമിട്ടത്.
കൊല്ലം-തേനി ദേശീയപാതക്ക് കുറുകെ എം സി റോഡിന് സമാന്തരമായാണ് നാലുവരിപാത നിർമിക്കുക.എം സി റോഡിൽ ലോവർ കരിക്കത്തു നിന്നും മൈലം വില്ലേജ് ഓഫീസ് വരെ മൂന്നു കിലോമിറ്റർ ദൈർഘ്യത്തിലായിരിക്കും ബൈപാസ് നിർമ്മാണം. ബൈപാസ് നിർമാണത്തിന്റെ മേൽനോട്ട ചുമതല കേരളാ റോഡ് ഫണ്ട് ബോർഡിനാണ്.
ഏറ്റെടുക്കുന്ന ഭൂമിക്ക് മികച്ച നഷ്ടപരിഹാരം ലഭ്യമാക്കുകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.