വിദ്യാഭ്യാസം നല്ല മാർഗത്തിലേക്കുള്ള ചൂണ്ടുപലകയാകണം: കാതോലിക്കാബാവ
1488586
Friday, December 20, 2024 6:46 AM IST
കൊട്ടാരക്കര : സമൂഹത്തിന്റെസമസ്ത മേഖലകളിലും ആറു പതിറ്റാണ്ടായി ഒട്ടനവധി പ്രതിഭാധനരെ വാർത്തെടുത്ത കൊട്ടാരക്കരയിലെ ഗ്രിഗോറിയൻ കുന്നിൽ തലയുർത്തി നിൽക്കുന്ന സെന്റ് ഗ്രിഗോറിയോസ് കോളജിന്റെഒരു വർഷം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങൾബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.നൂതന സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി മുന്നേറുന്നതോടൊപ്പം വിദ്യാഭ്യാസം സത്പന്ഥാവിലേക്കുള്ള ചൂണ്ടുപലകയാകണമെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ സാമൂഹ്യ നന്മയ്ക്കും പുരോഗതിയിലും നിസ്തുലമായ പങ്ക് വഹിച്ച പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള സെന്റ് ഗ്രിഗോറിയോസ് കോളജ് അറിവിന്റെ വിശാലമായ ലോകത്തേക്ക് 60 വർഷമായി ആയിരങ്ങളെയും ഒരു നാടിനെയും കൈപിടിച്ചുയർത്തിയതോടൊപ്പം, അറിവുകളേക്കാളു പരി തിരിച്ചറിവുള്ളവരായി വളർന്നു വരുന്ന തലമുറയെ സൃഷ്ടിക്കുന്ന മഹത്തായ പ്രേക്ഷിത വൃത്തിയാണ് ചെയ്തു വന്നത്. വിദ്യാഭ്യാസം കേവലം അറിവിന്റെ പകർച്ചയല്ല,മറിച്ച് മൂല്യങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും സമന്വയമാണ്. നന്മതിന്മകളെ വിശകലനം ചെയ്ത് ശരിയായ ദിശയിൽ സഞ്ചരിക്കുവാനുള്ള ബോധ്യം വിദ്യാഭ്യാസത്തിലൂടെ തലമുറകൾക്ക് പകരപ്പെടണമെന്നും കാതോലിക്കാ ബാവാ ഓർമിപ്പിച്ചു.
ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപതാ അധ്യക്ഷൻ ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ്, കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ തേവോദോറോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. എൻഎസ്എസ് ഭവന ദാന പ്രോജക്ട്-സ്നേഹ സ്പർശം കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ ചെയർമാൻ എസ്.ആർ. രമേശ്,പ്രിൻസിപ്പൽ ഡോ.സുമി അലക്സ്, മുൻസിപ്പൽ കൗൺസിലർ ജെയ്സി ജോൺ,മുൻ പ്രിൻസിപ്പൽ പ്രഫ. ടി.ജെ. ജോൺസൺ, അലുമ്നി അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി,കോളജ് യൂണിയൻ ചെയർമാൻ അജിൻ രാജ്,ജനറൽ കൺവീനർ ഡോ.ഫ്രാൻസിസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.
വിവിധ ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ അന്തർദേശീയ-ദേശീയ സെമിനാറുകൾ,ക്വിസ് മത്സരങ്ങൾ,ഫിലിം ഫെസ്റ്റ്,പെയിന്റിംഗ് - ക്രാഫ്റ്റ് എക്സിബിഷൻ,നേച്ചർ ഫോട്ടോഗ്രാഫി മത്സരങ്ങൾ,ഡയമണ്ട് ജൂബിലി ഗ്ലോബൽ അലൂമ്നി മീറ്റ്,ഇന്റർ കോളിജിയേറ്റ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് ഡിബേറ്റ് കോമ്പറ്റീഷൻ, മാനേജ്മെന്റ് ഫെസ്റ്റ് തുടങ്ങിയവ ഒരു വർഷത്തെ ജൂബിലി കർമപരിപാടികളാണ്.