കർഷകർക്ക് കൈത്താങ്ങ് പദ്ധതി കേരളത്തിന് മാതൃക: മന്ത്രി കെ.എൻ.ബാലഗോപാൽ
1488904
Saturday, December 21, 2024 6:33 AM IST
കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ കർഷകർക്ക് കൈത്താങ്ങ് പദ്ധതി മാതൃകാപരമാണെന്നും കൂട്ടായ പരിശ്രമത്തിലൂടെ വെട്ടിക്കവല മോഡൽ പദ്ധതിയായി മാറ്റിയെടുക്കണമെന്നും മന്ത്രി കെ .എൻ .ബാലഗോപാൽ.
വെട്ടിക്കവല ബ്ലോക്ക് പരിധിയിലെ കാർഷിക മേഖലയെ സമഗ്ര കൊട്ടാരക്കരയുടെ ഭാഗമാക്കി കാർഷിക മേഖലയ്ക്ക് ഒട്ടേറെ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായും മന്ത്രി പറഞ്ഞു. കർഷകർക്ക് കൈത്താങ്ങ് പദ്ധതി മാവടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വെട്ടിക്കവല ബ്ലോക്കിലെ ആറു പഞ്ചായത്തുകളായ പവിത്രേശ്വരം, കുളക്കട, മൈലം, മേലില, വെട്ടിക്കവല, ഉമ്മന്നൂർ പഞ്ചായത്തുകളിലെ 114 വാർഡുകളിൽ നിന്നും ഗ്രമപഞ്ചായത്ത് ലിസ്റ്റിൽ ഉൾപ്പെട്ട 114 പേർക്കാണ് ആനുകൂല്യം നല്കുന്നത്.
ഒരാൾക്ക് ഒരു പശുക്കിടവ്, രണ്ട് ആട്, 25 കോഴി കുഞ്ഞുങ്ങൾ ,പച്ചക്കറി തൈകൾ, കിഴങ്ങ് വിത്തുകൾ, എന്നിവയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാലിതൊഴുത്ത്, ആട്ടിൻ കൂട്, കോഴികൂട്, അസോള ടാങ്ക്, തീറ്റപ്പുൽകൃഷി എന്നിവയും പദ്ധതിയുടെ ഭാഗമായി ലഭിക്കും.
ബ്ലോക്ക് പ്രസിഡന്റ് എസ്.രഞ്ജിത്ത് കുമാർ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ദിവ്യാ ചന്ദ്രശേഖർ, കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല,പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പൻ ,ജില്ലാ പഞ്ചായത്തംഗം അഡ്വ.ബ്രിജേഷ് എബ്രഹാം,
കുളക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി.ബി. ബീന, ബ്ലോക്ക് സ്ഥിരം അധ്യക്ഷരായ ബെൻസി ടിച്ചർ, സിനി ജോസ്, എ.അജി, ബ്ലോക്ക് അംഗങ്ങളായ, അഡ്വ.ബെച്ചി.ബി.മലയിൽ, വിനോദിനി, എൻ.മോഹനൻ, ഒ.ബിന്ദു, അനു വർഗീസ്, ഗിരിജാരാജ്, കെ.എം.റെജി, വാർഡ് അംഗം കെ.രതി, സെക്രട്ടറി സുജിത് കുമാർ വി. എന്നിവർ പ്രസംഗിച്ചു.