മൂടൽമഞ്ഞിലും ട്രെയിനുകൾ ഇനി സുഗമമായി ഓടിക്കാം
1488588
Friday, December 20, 2024 6:46 AM IST
കൊല്ലം: കനത്ത മൂടൽ മഞ്ഞിലും ട്രെയിനുകൾ സുഗമമായി ഓടിക്കുന്നതിന് എൻജിനുകളിൽ ഫോഗ് പാസ് സംവിധാനം ഏർപ്പെടുത്തി റെയിൽവേ.
രാജ്യത്ത് ഉടനീളം മൂടൽമഞ്ഞ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള 19.742 ഉപകരണങ്ങൾ എൻജിനുകളിൽ വിന്യസിച്ചതായി റെയിൽവേ മന്ത്രാലയം സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു.
ഇടതൂർന്ന മൂടൽമഞ്ഞിലൂടെ സുഗമമായും സുരക്ഷിതമായും വണ്ടി ഓടിക്കാൻ ഡ്രൈവർമാർക്ക് മാർഗനിർദേശം നൽകാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ജിപിഎസ് അധിഷ്ഠിത നാവിഗേഷൻ സംവിധാനമാണ് ഫോഗ് പാസ് ഉപകരണം.
ഇവ വേഗപരിധി സംബന്ധിച്ചും ലെവൽ ക്രോസുകൾ, സിഗ്നൽ ലൊക്കേഷനുകൾ എന്നിവയെ കുറിച്ചും തൽസമയ വിവരങ്ങൾ ഡ്രൈവർമാർക്ക് കൈമാറും.
മാർഗതടസങ്ങൾ അടക്കം മറ്റ് അപകടകരമായ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അവ സംബന്ധിച്ച് മുന്നറിയിപ്പുകളും കൈമാറും.വെല്ലുവിളികൾ നിറഞ്ഞ കാലാവസ്ഥയിൽ സുരക്ഷ വർധിപ്പിക്കുന്നതിന് ഓഡിയോ മാർഗനിർദേശങ്ങളും ഉപകരണം വഴി ലഭിക്കും.
ശൈത്യകാലത്ത് പല റൂട്ടുകളിലും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന തരത്തിലാണ് മൂടൽ മഞ്ഞ് അനുഭവപ്പെടുന്നത്. ഇതുകാരണം പലയിടത്തും ട്രെയിനുകൾ അപ്രതീക്ഷിതമായി മണിക്കൂറുകൾ നിർത്തിയിടേണ്ട സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഇത് ഒരു പരിധി വരെ ഒഴിവാക്കാൻ ഫോഗ് പാസ് ഉപകരണം സഹായകമാകുമെന്നാണ് പ്രതീക്ഷ.
രാജ്യത്ത് വിവിധ മേഖലകളിലായി നിരവധി ഇലക്ടിക്, ഡീസൽ എൻജിനുകളിലും ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഡെമു) എൻജിനുകളിലും ഈ ഉപകരണം ഏർപ്പെടുത്തിക്കഴിഞ്ഞു.
ഫോഗ് ഡിറ്റക്ടർ സെൻസർ ആണ് ഈ ഉപകരണത്തിലെ പ്രധാന ഘടകം. മൂടൽ മഞ്ഞിന്റെ സാന്നിധ്യം മനസിലാക്കിയാലുടൻ ഉയർന്ന ശബ്ദതരംഗത്തിൽ ഉപകരണം ഡ്രൈവർമാർക്ക് അലർട്ട് നൽകും.
മൂടൽ മഞ്ഞ് ഉള്ളപ്പോൾ ട്രെയിനിന്റെ വേഗത എത്രയായിരിക്കണം എന്ന് ബോധ്യപ്പെടുത്തുന്ന ആധുനിക സ്പീഡ് ഇൻഡിക്കേറ്ററും ഉപകരണത്തിന്റെ ഭാഗമാണ്. ഇതിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രെയിനുകളുടെ വേഗത ആവശ്യാനുസരണം കൂട്ടാനും കുറയ്ക്കാനും ഡ്രൈവർമാർക്ക് സാധിക്കും. അപകട സാധ്യത പരമാവധി കുറയ്ക്കാം എന്നതാണ് ഈ ഉപകരണം കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം.
ഡൽഹി- ആഗ്ര, ഡൽഹി -അംബാല, ഡൽഹി -റോത്തക്, ഘാസിയാബാദ് - അലിഗഡ്, കാർപൂർ - അലഹബാദ്, മുഗൾസരായി - അലഹബാദ് സെക്ഷനുകളിൽ ഓടുന്ന ട്രെയിനുകളിലാണ് കൂടുതലായും ഫോഗ് പാസ് ഉപകരണം ട്രെയിനുകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്ന ഇതര സെക്ഷനുകളിലും ഉപകരണത്തിന്റെ സേവനം വ്യാപിപ്പിക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്.
എസ്.ആർ. സുധീർ കുമാർ