ഉത്ര കേസ്: മാതാവിന്റെ വിസ്താരം പൂർത്തിയായി
1488884
Saturday, December 21, 2024 6:16 AM IST
പുനലൂർ: അഞ്ചൽ ഏറം ഉത്രവധക്കേസിനോട് അനുബന്ധിച്ചുള്ള സ്ത്രീധന പീഡനക്കേസിലെ മൂന്നാം സാക്ഷിയും ഉത്രയുടെ മാതാവുമായ മണിമേഖലയുടെ ക്രോസ് വിസ്താരം പുനലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പൂർത്തിയായി.
മൂന്നുദിവസം നീണ്ടുനിന്ന വിസ്താരമാണ് പൂർത്തിയായത്.രണ്ടര ദിവസമായി പ്രതിഭാഗം എതിർവിസ്താരം നടക്കുകയായിരുന്നു. ഉത്ര മരണപ്പെടുന്നത് വരെ ഇത്തരത്തിൽഗാർഹിക പീഡന പരാതി ഉണ്ടായിട്ടില്ല എന്ന പോയിന്റിൽ ഊന്നിയാണ് വിസ്താരം പുരോഗമിച്ചത്.
സ്ത്രീധനം നൽകിയിട്ടില്ല എന്നും സ്വർണം ഉത്രയുടെ കൈവശം തന്നെ ഉണ്ടായിരുന്നു എന്നും ക്രൈംബ്രാഞ്ച് റിക്കവർ ചെയ്ത സ്വർണം മാത്രമേ മൊത്തത്തിൽ ഉത്രയുടേതായി ഉണ്ടായിരുന്നുള്ളു എന്നും പ്രതിഭാഗം വാദിച്ചു.
വാഷിംഗ് മെഷീനും, അലമാരയും ഉത്രയുടെ ഉപയോഗത്തിനായി വാങ്ങിച്ചതാണെന്നുംപ്രതിഭാഗം വാദിച്ചു. ഉത്ര മരിക്കുന്നവരെ മാനസികമായോ ശാരീരികമായോ പീഡനത്തിന് ഇരയായിട്ടില്ല എന്നും അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ചികിത്സ തേടിയേനിയെന്നും പ്രതിഭാഗം വാദിച്ചു. ഉത്ര മരിക്കുന്നിടം വരെ സൂരജുമായി ഒരുമിച്ച് ജീവിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നതെന്നും അത് സൂരജിന്റെ വീട്ടിൽ സമാധാനപരമായ ജീവിതം ഉണ്ടായതുകൊണ്ടായിരുന്നെന്നും പ്രതിഭാഗം വാദിച്ചു.
കൊലക്കേസും, ഗാർഹിക പീഡനക്കേസും രണ്ടും രണ്ടാണെന്നും പീഡന ആരോപണം കൊലക്കേസിനു ശേഷം കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം വാദിച്ചു.മണിമേഖലയുടെ പ്രോസിക്യുഷൻ ചീഫ് വിസ്താരം ചൊവാഴ്ച പൂർത്തിയായിരുന്നു.
77 സാക്ഷികൾ ഉള്ളതിൽ ഒന്നാം സാക്ഷിയും ഉത്രയുടെ പിതാവുമായ വിജയസേനൻ, രണ്ടാം സാക്ഷി ഉത്രയുടെ സഹോദരൻ വിഷ്ണു എന്നിവരെയും നാലാം സാക്ഷിയും വിജയസേനന്റെ സഹോദര പുത്രനുമായ ശ്യാംദേവിനെയും നേരത്തേ വിസ്തരിച്ചിരുന്നു. തുടർ വിസ്താരത്തിന് അഞ്ച്, 27, 28 സാക്ഷികളെയും വിസ്തരിക്കുന്നതിന് 24 ലേക്ക് കേസ് മാറ്റി വച്ചിരിക്കുകയാണ്.
പ്രതികൾക്ക് വേണ്ടി അഡ്വ .അനീസ് തങ്ങൾകുഞ്ഞ് ഹാജരായി. ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒന്നാം പ്രതിയും ഉത്രയുടെ ഭർത്താവുമായിരുന്ന സൂരജ് എസ്. കുമാർ വീഡിയോ കോൺഫറൻസിലൂടെയും മൂന്നാം പ്രതി സൂരജിന്റെ മാതാവ് രേണുക കോടതിയിൽ നേരിട്ടും ഹാജരായി. സൂരജിന്റെ സഹോദരിയും നാലാം പ്രതിയുമായ സൂര്യയെ നേരിട്ട് ഹാജരാകുന്നതിൽനിന്ന് കോടതി ഇളവ് നൽകിയിരുന്നു. പ്രോ സിക്യൂഷന് വേണ്ടി എപിപി ശിബ്ദാസ് ഹാജരായി.