ദേശീയ ഡിസൈന്‍ ഫെസ്റ്റ് സമാപിച്ചു : ആദ്യ ബാച്ച് ബിരുദ ദാന ചടങ്ങ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു
1488909
Saturday, December 21, 2024 6:33 AM IST
കൊല്ലം: കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ 17 മുതല്‍ മൂന്നു ദിവസമായി നടന്ന 'മീറ്റ് ദി ക്രിയേറ്റര്‍' 2024 ദേശീയ ഡിസൈന്‍ ഫെസ്റ്റ് സമാപിച്ചു. സ്ഥാപനത്തിലെ ആദ്യത്തെ ബാച്ചിലെ ഡിസൈനര്‍മാരുടെ ബിരുദദാന ചടങ്ങ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഡിസൈന്‍ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും കേവലം സൗന്ദര്യശാസ്ത്രത്തിനുപരി നവീകരണം, പ്രശ്നപരിഹാരം, ജീവിതം മെച്ചപ്പെടുത്തല്‍ കൂടിയാണെന്ന് മന്ത്രി പറഞ്ഞു. സുസ്ഥിര വികസനം മുതല്‍ സാങ്കേതിക നൂതനത്വവും സാമൂഹിക പരിവര്‍ത്തനവും വരെയുള്ള ഈ കാലത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ നേതൃത്വം വഹിക്കാന്‍ സഹായിക്കും.
വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും ചാതുര്യവും ഒരു നല്ല നാളെയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. സര്‍ഗാത്മകതയും ലക്ഷ്യവും തമ്മിലുള്ള വിടവ് നികത്താന്‍ കഴിയുന്ന ഡിസൈനര്മാരാവണമെന്നും മന്ത്രി ആശംസിച്ചു.
കെഎസ്ഐഡി യിലെ ആദ്യ ബാച്ച് ബി-ഡെസ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങാണ് നടന്നത്. ആശ്രാമം ശ്രീനാരായണഗുരു കള്‍ച്ചറല്‍ കോംപ്ലക്സില്‍ നടന്ന പരിപാടിയില്‍ മാനേജിങ് ഡയറക്ടര്‍ സൂഫിയാന് അഹമ്മദ് ബിരുദ ദാന ചടങ്ങിന് നേതൃത്വം നല്കി.
അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ മുതിര്‍ന്ന അധ്യാപകന് പ്രഫ. പ്രവീണ്‍ നഹാര്‍, പ്രിന്‍സിപ്പല്‍ ഡോ. മനോജ് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.