കൊ ല്ലം ബീച്ചിൽ ഫുഡ് കാർണിവൽ നാളെ മുതൽ
1488220
Thursday, December 19, 2024 5:37 AM IST
കൊല്ലം: റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ കൊല്ലം ബീച്ചിലുള്ള റോട്ടറി കമ്യുണിറ്റി സെന്ററിൽ ഒരുക്കുന്ന ഫുഡ് കാർണിവൽ 2024 നാളെ മുതൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജില്ലാ ആശുപത്രിയുടെ ഭാഗമായ വിക്ടോറിയ ആശുപത്രിയിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും കൂട്ടിരിപ്പുകാർക്കുമായി 25 ലക്ഷം രൂപ ചെലവാക്കി നിർമിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണ് ഫുഡ് കാർണിവൽ സംഘടിപ്പിക്കുന്നത്.
കേരളത്തിനകത്തും പുറത്തും നിന്നുമുള്ള സംരംഭകരുടെ ഇരുപതോളം ഭക്ഷ്യവിഭവ സ്റ്റോളുകൾ ഫുഡ് കാർണിവലിന്റെ ഭാഗമാകും. തനി നാടൻ വിഭവങ്ങൾ മുതൽ അറബിക്, ചൈനീസ്, ജാപ്പനീസ് ടപ്പൻയാക്കി വരെ വൈവിധ്യമാർന്ന വിഭവങ്ങളാണ് ഒരുക്കുന്നത്.
ഫുഡ് കാർണിവലിന്റെ ഭാഗമായി എല്ലാ ദിവസവും പ്രശസ്ത കലാകാരന്മാരെ അണിനിരത്തിക്കൊണ്ടുള്ള സ്റ്റേജ്ഷോയും ഉണ്ടാകും. കൊല്ലത്തിന്റെ അഭിമാനമായ ഷെഫ് സുരേഷ്പിള്ളയും 100 പാചക കലാകാരിമാരും ഒന്നിക്കുന്ന നള പാചകറാണി മേളയും ഫുഡ് കാർണിവലിന്റെ ഭാഗമാകും. കുടുംബശ്രീ പാചകവിദഗ്ധർ മുതൽ ലോകപ്രശസ്ത പാചക കലാകാരന്മാർ വരെ അവരുടെ തനത് വിഭവങ്ങൾ മേളയിൽ അവതരിപ്പിക്കും. ക്രിസ്മസ് വെക്കേഷൻ കാലത്ത് കൊല്ലം ബീച്ചിൽ എത്തുന്ന ആയിരങ്ങൾക്ക് പ്രശസ്ത മജീഷ്യൻ പ്രമോദ് കേരളയുടെ മാജിക്ക്ഷോ മുതൽ ചലച്ചിത്ര പിന്നണി ഗായകരായ മത്തായി സുനിൽ, മേദാ മെഹർ, തുടങ്ങിയവർ പങ്കെടുക്കുന്ന ഗാനമേള വരെ വ്യത്യസ്തമായ ദൃശ്യാനുഭവങ്ങളും ഫുഡ് കാർണിവലിൽ ഒരുക്കുന്നുണ്ട്.
എല്ലാദിവസവും വൈകുന്നേരംഅഞ്ചു മുതൽ രാത്രി 11 വരെയാണ് പ്രദർശനം. 20ന് വൈകുന്നേരം അഞ്ചിന് എം. മുകേഷ് എംഎൽഎയും മേയർ പ്രസന്ന ഏണസ്റ്റും ചേർന്ന് കാർണിവൽ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ പ്രസിഡന്റ് നാരായൺ കുമാർ, സെക്രട്ടറി സക്കറിയ കെ .സാമുവൽ, അസി. ഗവർണർ ജ്യോതി, ട്രഷറർ- അനു എസ് പിള്ള, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടൈറ്റസ് എസ് കുമാർ എന്നിവർ പങ്കെടുത്തു. വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.