ക്രിസ്മസ്, പുതുവത്സര ആഘോഷം: ജില്ലയില്‍ ലഹരിക്കെതിരെ കര്‍ശന നടപടികള്‍
1488889
Saturday, December 21, 2024 6:16 AM IST
കൊല്ലം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വ്യാജമദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കള്‍ എന്നിവയുടെ വിപണനം, ഉപയോഗം എന്നിവ തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ എഡിഎം ജി. നിര്‍മല്‍ കുമാറിന്റെഅധ്യക്ഷതയില് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ചെക്ക് പോസ്റ്റുകളിലുള്‍പ്പെടെ വാഹന പരിശോധന കര്‍ശനമാക്കും. പോലിസും എക്സൈസും സംയുക്തമായും അല്ലാതെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ഫ്ളയിങ് സ്ക്വാഡുകളും താലൂക്കുതല പരിശോധനാ സംഘവും രൂപീകരിക്കും. തഹസില്ദാര്മാര്ക്കാകും ഈ ടീമിന്റെ ചുമതല. പോലീസ് സഹായം ആവശ്യമുള്ള മുറയ്ക്ക് അത് ലഭ്യമാക്കും.
ലഹരി വസ്തുക്കള്‍ കൈവശം വയ്ക്കുകയോ വിപണനം ചെയ്യുകയോ ചെയ്തുവെന്ന് തെളിയുന്ന പക്ഷം കാപ്പ ചുമത്തുന്നതുള്പ്പെടെയുള്ളവ ആലോചിക്കും.
ഭക്ഷ്യ സുരക്ഷാ വകുപ്പ്, പഞ്ചായത്ത്,വനംവകുപ്പ് തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ യോജിച്ചുള്ള പ്രവര്‍ത്തനമായിരിക്കും നടക്കുക. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്കു ശേഷവും പരിശോധന തുടരും.
പോലീസ്, എക്സൈസ്, ഭക്ഷ്യ പൊതുവിതരണം, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പഞ്ചായത്ത്, വനം തുടങ്ങി വിവിധ വകുപ്പു മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.