എഴുകോൺ ഇഎസ്ഐ ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തണം: കൊടിക്കുന്നിൽ സുരേഷ്
1488576
Friday, December 20, 2024 6:45 AM IST
കൊല്ലം: എഴുകോൺ ഇഎസ്ഐ ആശുപത്രിയുടെ ആരോഗ്യ, വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള നിർണായക ഇടപെടലുകൾ തേടി കൊടിക്കുന്നിൽ സുരേഷ് എംപി ഇ എസ് ഐ സി ഡയറക്ടർ ജനറലിനെ സന്ദർശിച്ചു.
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഡയറക്ടർ ജനറലുമായി നടന്ന കൂടിക്കാഴ്ചയിൽ ആശുപത്രിയെ 250 കിടക്കകളുള്ള സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയും ആയുർവേദ മെഡിക്കൽ കോളജുമായി ഉയർത്തണമെന്നും നേരത്തെ അനുവദിച്ച വിദ്യാഭ്യാസ കോഴ്സുകൾ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ ഇ എസ് ഐ സി പരിധിയിൽ പെടുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് എഴുകോൺ ആശുപത്രിയുടെ പ്രധാന ഉപഭോക്താക്കൾ. 15 ഏക്കർ സ്ഥലത്തെ വിശാലമായ ഭൂമിയും മികച്ച സ്ഥല സൗകര്യവും ലഭ്യമായതുകൊണ്ട് ആശുപത്രിക്ക് മുന്നേറ്റങ്ങൾ നേടാൻ സഹായകമാണ്.
എന്നാൽ, ഓങ്കോളജി, അനസ്തീഷിയോളജി, സൈക്യാട്രി തുടങ്ങിയ അവശ്യമേഖലകളിലെ പരിഷ്കൃത സേവനങ്ങളുടെ അഭാവം ഇപ്പോഴും വലിയ വെല്ലുവിളിയാകുന്നു.ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ദന്തൽ, നഴ്സിംഗ്, ഫാർമസി കോഴ്സുകൾ പുനരാരംഭിക്കുക, ആയുർവേദ മെഡിക്കൽ കോളജ് ആരംഭിക്കുക എന്നിവ ഉൾപ്പെടെയുള്ള മുൻഗണനാപദ്ധതികളാണ് അദ്ദേഹം നിർദ്ദേശിച്ചത്.
ആശുപത്രിക്ക് ചുറ്റുമുള്ള സ്ഥലത്തെ പ്രയോജനപ്പെടുത്തി ഹോസ്റ്റലുകൾ, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയവ നിർമിക്കുന്നതിലൂടെ ആരോഗ്യ രംഗത്തെ തൊഴിൽ അവസരങ്ങളും വൈദ്യ സേവനങ്ങളും മെച്ചപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.