കൊല്ലം ഫ്ലവർഷോ നാളെ മുതൽ
1488222
Thursday, December 19, 2024 5:37 AM IST
കൊല്ലം: റോസ് സൊസൈറ്റി സംഘടിപ്പിക്കുന്ന ദേവ് കൊല്ലം ഫ്ളവർഷോ 2024 നാളെ മുതൽ ജനുവരി അഞ്ചുവരെ ആശ്രാമം മൈതാനത്തി അണിഞ്ഞൊരുങ്ങുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പുഷ്പങ്ങളുടെ വിശാലശേഖരവും, ജലത്തിലും മരത്തിലും അന്തരീക്ഷത്തിലും അത്ഭുതകരമായി പടർന്നു പന്തലിക്കുന്ന അനേകം അപൂർവസസ്യങ്ങൾ, വനപ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച വിശേഷ ഔഷധസസ്യങ്ങൾ, ബോൺസായി എന്ന ജപ്പാനീസ് കുള്ളൻ ചെടികൾ തുടങ്ങിയ നൂതന സസ്യപരിപാലന രീതികൾ, ഫല വൃക്ഷച്ചെടികൾ, പച്ചക്കറികൾ, വീട്ടുവളപ്പിൽ നിന്നും അന്യം നിന്നുപോയ അപൂർവയിനം വൃക്ഷങ്ങളും കുറ്റിച്ചെടികളും തുടങ്ങി നഗരം ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത വൈവിധ്യവുമായി 15 ദിനങ്ങൾ കൊല്ലത്തുകാരുടെ ചൂടുംചൂരും ഹൃദയ വികാരവും നിറഞ്ഞ ആശ്രാമം മൈതാനത്ത് അവതരിപ്പിക്കുന്നു. സായാഹ്നങ്ങളെ ധന്യമാക്കാൻ കലാപരിപാടികളും വിവിധങ്ങളായ മത്സ്യ രുചികളുടെ മാന്ത്രിക ലോകവും ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നു.
രാവിലെ 11 മുതൽ രാത്രി ഒന്പതുവരെ പ്രവേശനം. പ്രവേശന ടിക്കറ്റിന് 50 രൂപ. 10 വയസിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. എല്ലാദിവസവും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിയെ തെരഞ്ഞെടുക്കുന്നു. ക്രിസ്മസ് ദിനത്തിലും ന്യൂ ഇയർ ദിനത്തിലും ചുങ്കത്ത് ജുവലറി സ്പോൺസർ ചെയ്യുന്ന ഡയമണ്ട് നറുക്കെടുപ്പി ലൂടെ നൽകുന്നു. 22, 25, 29 തീയതികളിൽ മെഗാഷോ ഉണ്ടായിരി ക്കും .ചെടികൾ പ്രദർശിപ്പിക്കുന്നവർക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകും.
ഫ്ളവർ ഷോയുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനത്ത് നിന്നും ആരംഭിക്കുന്ന ഫ്ളവർ റാലി സിറ്റി പോലീസ് കമ്മീഷണർ ചൈത്ര ജോൺ തെരേസ ഉദ്ഘാടനം ചെയ്യും. റാലിയിൽ പങ്കെടുക്കുന്ന ഏറ്റവും നല്ല ഫ്ളോട്ടുകൾക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകും .ഏറ്റവും നല്ല പൂന്തോട്ടം ഒരുക്കിയിരിക്കുന്ന വീട്ടുകാർക്കുള്ള ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായ ഡൈസിംഗ് തമ്പി മെമ്മോറിയൽ ട്രോഫി ഷീബാ തമ്പി നൽകും.
കലാപരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായ ജോർജ്ജ് ആശാൻ മെമ്മോറിയൽ ട്രോഫി ഗ്രേസി ജോർജ് നൽകുന്നു. വൈകുന്നേരം ആറിന് സംഘാടകസമിതി കമ്മിറ്റി ചെയർമാൻ എക്സ്.ഏണസ്റ്റി ന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളന ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നിർവഹിക്കും. പ്രദർശന നഗരിയുടെ ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റും കലാപരിപാടികളുടെ ഉദ്ഘാടനം എം. മുകേഷ് എംഎൽഎ യും ഭക്ഷ്യമേളയുടെ ഉദ്ഘാടനം എം .നൗഷാദ് എംഎൽഎയും കാർഷിക ഉത്പന്നങ്ങളുടെ പ്രദർശന ഉൽഘാടനം അഡ്വ.ബിന്ദുകൃഷ്ണയും നിർവഹിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ എക്സ് :ഏണസ്റ്റ് ,ആർ.പ്രകാശൻപിള്ള ,പട്ടത്തുവിള വിനോദ്, ജാജിമോൾ, എൻ.ബിനോജ് ,നേതാജിബി.രാജേന്ദ്രൻതുടങ്ങിയവർ അറിയിച്ചു.