പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാന്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും നാളെ
1488584
Friday, December 20, 2024 6:46 AM IST
കൊല്ലം: അഷ്ടമുടിക്കായലില്‍ പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാംപ്യന്‍സ് ബോട്ട് ലീഗ് ഫൈനലും നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് പതാക ഉയര്‍ത്തും. എം.മുകേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍.കെ .പ്രേമചന്ദ്രന് എംപി മാസ് ഡ്രില്‍ ഫ്ളാഗ് ഓഫ് ചെയ്യും. സമാപനസമ്മേളനവും സമ്മാനദാനവും മന്ത്രി കെ.എന്‍ .ബാലഗോപാല്‍ നിര്‍വഹിക്കും.
സമാപനസമ്മേളനത്തില്‍ എം. നൗഷാദ് എംഎല്‍എ അധ്യക്ഷനാവും. എംപി മാരായ കൊടുക്കുന്നില്‍ സുരേഷ്, കെ.സി .വേണുഗോപാല്‍, എംഎല്‍എമാരായ പി.എസ്. സുപാല്‍, സുജിത്ത് വിജയന്‍പിള്ള, ജി.എസ്. ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്, പി.സി വിഷ്ണുനാഥ്, ആര് .മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, ടൂറിസം സെക്രട്ടറി കെ .ബിജു, ഡയറക്ടര്‍ ശിഖ സുരേന്ദ്രന്, സബ് കളക്ടര്‍ നിഷാന്ത് സിന്‍ഹാര, എഡിഎം ജി .നിര്‍മ്മല്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സംഘാടകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജലോത്സവ ട്രാക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട ആഴപരിശോധന പൂര്‍ത്തിയായി. മൂന്ന് ട്രാക്കാണ് തയാറാക്കുക.
വിവിധ മത്സരങ്ങളിലായി ഒമ്പത് ചുണ്ടന് വള്ളങ്ങളും 10 ചെറു വള്ളങ്ങളുമാണു പങ്കെടുക്കുന്നത്. വെപ്പ് എ ഗ്രേഡ് ഇനത്തില്‍ രണ്ട് വള്ളങ്ങള്‍, ഇരുട്ടുകത്തി എ ഗ്രേഡ് ഇനത്തില്‍ രണ്ട് വള്ളങ്ങള്‍, ഇരുട്ടുകത്തി ബി ഗ്രേഡ് മൂന്ന് വള്ളങ്ങള്‍, വനിതകള്‍ തുഴയുന്ന തെക്കേതോടി (തറ വള്ളം) മൂന്ന് വള്ളങ്ങള്‍ എന്നിങ്ങനെ 10 വള്ളങ്ങളാണ് പ്രസിഡന്റ്സ് ട്രോഫി മത്സരത്തില്‍ പങ്കെടുക്കുക.
തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാര്‍ട്ടിങ് പോയിന്റുമുതല് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം. ഫലപ്രഖ്യാപനത്തില്‍ കൃത്യത ഉറപ്പാക്കാന്‍ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് റെയ്സ് കമ്മിറ്റി ചെയര്മാന് ആര്.കെ. കുറുപ്പ് പറഞ്ഞു.
ഡിറ്റിപിസി ബോട്ട് ജെട്ടി മുതല്‍ തേവള്ളി പാലം വരെയുള്ള കായല്‍ ഭാഗത്ത് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മത്സരവഞ്ചികളും ബന്ധപ്പെട്ട ഔദ്യോഗിക ജലയാനങ്ങളും ഒഴികെയുള്ള എല്ലാത്തരം ജലയാനങ്ങളുടെ സാന്നിധ്യവും സഞ്ചാരവും നാളെ രാവിലെ മുതല്‍ വള്ളംകളി അവസാനിക്കുന്നത് വരെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
പ്രസ് ക്ലബില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, എം. നൗഷാദ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ഡോ. പി.കെ ഗോപന്, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, റെയ്സ് കമ്മിറ്റി ചെയര്മാന് ആര്.കെ. കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.