ഇത്തിക്കരയിൽ സബ് വേ; രാപകൽ സമരം നടത്തി
1488223
Thursday, December 19, 2024 5:37 AM IST
കൊട്ടിയം: ഇത്തിക്കര ജംഗ്ഷനിൽ സബ് വേ വിഷയത്തിൽ അധികാരികൾ കണ്ണ് തുറക്കണമെന്ന് ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഷീല ബിനു ആവശ്യപെട്ടു.ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇത്തിക്കര ജംഗ്ഷനിൽ നടത്തിയ രാപകൽ സമരം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അവർ. മർമപ്രധാനമായ ഇത്തിക്കര ജംഗ്ഷനിൽ സബ് വേ ആവശ്യം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് രാപ്പകൽ സമരം നടക്കുന്നത്.
ഇത്തിക്കരയിൽ ആയൂർ ഓയൂർ റോഡുകളുടെ പ്രാധാന്യവും ഇവിടെ നിന്ന് പതിനായിരകണക്കിന് വരുന്ന വാഹനങ്ങൾ, യാത്രക്കാർ ഇവരുടെ സഞ്ചാര സ്വാതന്ത്യത്തെ പൂർണമായ തടഞ്ഞു കൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങൾ ഉപേക്ഷിക്കണമെന്നും സബ് വേ ആവശ്യം അനുഭാവ പൂർവം പരിഗണിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ പ്ലാക്കാട് ടിങ്കു അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലാൽ ചിറയത്ത്, സിപി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. എസ്. ശശിധരൻപിള്ള , ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ. സുരേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്് വിനോദ് മഠത്തിലഴികം, ആർഎസ് പി ജില്ലാ കമ്മിറ്റി അംഗം കൈപ്പുഴ വി. ശ്യാംമോഹൻ, ബി വി വി എസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി സിജു മനോഹരൻ, മൈലക്കാട് റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി എസ്. സന്തോഷ് കുമാർ, ശിഹാബുദീൻ കലവറ, അബൂബക്കർ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.