ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് ബാധ്യതയുണ്ട്: മനുഷ്യാവകാശ കമ്മീഷൻ
1488579
Friday, December 20, 2024 6:45 AM IST
കൊല്ലം: ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ.പനയം ഗ്രാമപഞ്ചായത്തിലെ ചെമ്മക്കാട് – വെള്ളിമൺ കടത്തുകടവിന് സമീപം അപകടകരമായ നിലയിലുള്ള കുന്ന് സംരക്ഷിക്കുന്നതിനും വീടുകൾക്കും റോഡിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംരക്ഷണ ഭിത്തി നിർമിക്കണമെന്ന് കമ്മീഷൻ പനയം പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
സംരക്ഷണഭിത്തി നിർമിക്കാൻ 10 ലക്ഷത്തോളം രൂപ ചെലവാകുമെന്നതിനാൽ പദ്ധതി ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചത്. കുന്നിന്റെ അടിവാരത്ത് നിന്നും ഊറ്റ് ഉത്ഭവിക്കുന്നതിനാൽ അടിഭാഗം തുറന്ന് മണ്ണ് കായലിലേക്ക് ഒഴുകി തുരങ്കം രൂപപ്പെട്ട നിലയിലാണെന്നും ഇതുവഴി കാൽനടയായി പോകുന്നത് പോലും അപകടമാണെന്നും പരാതിക്കാർ കമ്മീഷനെ അറിയിച്ചു.
എന്നാൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സംരക്ഷണഭിത്തി നിർമിക്കാൻ കഴിയില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി വാദിച്ചു. സ്വകാര്യവസ്തുവിന്റെ സംരക്ഷണത്തിനായി സംരക്ഷണഭിത്തി നിർമിക്കാൻ കഴിയില്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റിയും കമ്മീഷനെ അറിയിച്ചു. എന്നാൽ വാദം കമ്മീഷൻ അംഗീകരിച്ചില്ല. പ്രദേശവാസികളായ എം.കെ .ജോർജും വിമല കാസ്മിറും സമർപ്പിച്ച പരാതിയിലാണ് നടപടി.