ഉന്നതവിദ്യാഭ്യാസത്തിനായി കൂടുതൽ വിഹിതം മാറ്റിവയ്ക്കണം: ജെഎൻയു വൈസ് ചാൻസലർ
1488583
Friday, December 20, 2024 6:46 AM IST
കൊല്ലം: വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കപ്പെടുന്ന തുക കുറവാണെന്നും ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ വിഹിതം ഗവൺമെന്റ് അനുവദിക്കണമെന്നും ക്രിസ്ത്യൻ മിഷണറിമാർ ഇന്ത്യയുടെ വിദ്യാഭ്യാസ വളർച്ചയിൽ സമഗ്ര സംഭാവനകൾ നൽകിയവരാണെന്നും അവരുടെ സംഭാവനകൾ അവഗണിക്കാനാവാത്തതാണെന്നും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രഫ. ശാന്തിശ്രീ ദുലുപുടി പണ്ഡിറ്റ് പറഞ്ഞു.
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ 2024 വർഷത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും വിജയകരമായി പൂർത്തിയാക്കിയ 655 വിദ്യാർഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. മറ്റ് വികസിത രാജ്യങ്ങൾ ജിഡിപി യുടെ കൂടുതൽ വിഹിതവും വിദ്യാഭ്യാസത്തിന് വകയിരുത്തുമ്പോൾ നമ്മൾ വളരെ കുറഞ്ഞ തുക മാത്രമാണ് വിനിയോഗിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു .
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സർട്ടിഫിക്കറ്റ് ദാന ചടങ്ങായ അമോഘ- 24-ൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രഥമ വനിത വൈസ് ചാൻസിലർ പ്രൊ ശാന്തിനി ദുലുപുടി പണ്ഡിറ്റ് മുഖ്യാതിഥിയായിരുന്നു. കോളജ് മാനേജർ ഫാ.ഡോ. അഭിലാഷ് ഗ്രിഗറി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചവറ എംഎൽഎയും കോളജിലെ പൂർവ വിദ്യാർഥിയുമായ ഡോ. സുജിത്ത് വിജയൻ പിള്ള, തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് മോറിസ് എന്നിവർ പ്രസംഗിച്ചു.
ഫെഡറലിസത്തിന്റെ തത്വങ്ങൾ പാലിക്കപ്പെടണമെന്ന് ഡോ .സുജിത് വിജയൻ പിള്ള എം എൽ എ തന്റെപ്രസംഗത്തിൽ ഓർമിപ്പിച്ചു.കൺട്രോൾ ഓഫ് എക്സാമിനർ ക്രിസ്റ്റി ക്ലമന്റ് സർട്ടിഫിക്കറ്റ് ദാന പ്രഖ്യാപനം നടത്തി. കോളജ് പ്രിൻസിപ്പൽ പ്രഫ.സിന്ധ്യ കാതറീൻ മൈക്കിൾ സ്വാഗതവും ജനറൽ കൺവീനർ സ്റ്റാൻസിലസ് എസ് കൃതജ്ഞതയും പറഞ്ഞു. രക്ഷാകർത്താക്കൾ, പൂർവവിദ്യാർഥികൾ , മുൻ അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.