ഹൈക്കോടതി ഉത്തരവിന് പുല്ലുവില ; ഫ്ളക്സ് ബോർഡുകൾക്ക് അനക്കമില്ല
1488580
Friday, December 20, 2024 6:45 AM IST
കൊല്ലം: അനധികൃത ബോർഡ്, കൊടി, തോരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായിട്ടും നഗരത്തിലെ ഫ്ളക്സ് ബോർഡുകൾക്ക് അനക്കമില്ല. ഡിസംബർ 18ന് മുൻപ് ഇവ നീക്കം ചെയ്യണമെന്ന് സെക്രട്ടറിമാർക്ക് ഉത്തരവ് നൽകിയെങ്കിലും ഇന്നലെ ഉച്ചവരെ പല സ്ഥലങ്ങളിലും ഇത് നടപ്പായില്ല. ആശ്രാമം മൈതാനത്തിന്റെ ചുറ്റുമുള്ള നടപ്പാതയിലെ ഇരുമ്പുവേലിയോട് ചേർന്നാണ് നിരോധിത ഫ്ളക്സ് ബോർഡുകൾ കൂടുതലായി കെട്ടിവെച്ചിരിക്കുന്നത്.
ഇവിടെ സ്ഥാപിച്ചിട്ടുള്ള ചിന്നക്കട, കൊട്ടാരക്കര, കെഎസ്ആർടി.സിബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് പോകേണ്ട സ്ഥലനാമ ദിശാസൂചിക ബോർഡുകൾ മറയുന്ന രീതിയിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. സർക്കാർ, സ്വകാര്യ പരിപാടികളുടെ ബോർഡുകളാണ് കാഴ്ച്ച മറയ്ക്കും വിധം ഇവിടെ കെട്ടിവെച്ചിരിക്കുന്നത്.
സമീപത്ത് ട്രാഫിക് പോലീസ് സ്റ്റേഷൻ ഉണ്ടെങ്കിലും അവരും കണ്ടമട്ടില്ല. ദൂരെ സ്ഥലങ്ങളിൽനിന്നും നഗരത്തിലെത്തുന്നവർക്ക് വഴികാട്ടിയായിട്ടാണ് സ്ഥലനാമ ദിശാസൂചിക ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ബോർഡുകൾ കൊണ്ട് മറച്ചിരിക്കുന്നതിനാൽ ഇതിന്റെ പ്രയോജനം നഗരത്തിലെത്തുന്നവർക്ക് കിട്ടുന്നില്ല. ജില്ലാ വ്യവസായ കേന്ദ്രം, ശങ്കേഴ്സ് ആശുപത്രി റോഡ് എന്നിവിടങ്ങളിൽ നിന്ന് ആശ്രാമം മൈതാനം ചുറ്റി കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ചിന്നക്കട, സബ് ട്രഷറി, ഇഎസ്ഐ, ആശ്രാമം അഡ്വഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ആയുർവവേദ ആശുപത്രി, ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വാഹനമോടിക്കുന്നവരുടെ കാഴ്ച്ച മറയ്ക്കുന്ന തരത്തിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മൈതാനം ജംഗ്ഷനിലും റോഡിലും അപകടത്തിനും ഇടയാക്കും. വർഷങ്ങൾക്ക് മുമ്പ് മൈതാനം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചെങ്കിലും ഇതും പ്രവർത്തിക്കുന്നില്ല. കോടതി വിമർശനം കടുപ്പിച്ചതോടെ ചിന്നക്കടയിലെയും സമീപ സ്ഥലങ്ങളിലെയും ബോർഡുകൾ കഴിഞ്ഞ ദിവസങ്ങളിൽ നീക്കിയെങ്കിലും ആശ്രാമത്തെ ഫ്ളക്സ് ബോർഡുകൾക്ക് ഒരു ചലനവും ഉണ്ടായിട്ടില്ല.