കേരളാ സർവകലാശാല അത്ലറ്റിക് മീറ്റ്: ജോമോൻ ജോയിക്ക് ഹൈജംപിൽ മീറ്റ് റിക്കാർഡ്
1486456
Thursday, December 12, 2024 6:07 AM IST
തിരുവനന്തപുരം: കേരളാ സർവകലാശാല ഇന്റർകോളജിയറ്റ് അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ രണ്ടാം ദിനം കാര്യവട്ടം എൽഎൻസിപിയുടെ മുന്നേറ്റം. 125 പോയിന്റുമായാണ് കാര്യവട്ടം ഓവറോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
60 പോയിന്റോടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് രണ്ടാം സ്ഥാനത്തും 59 പോയിന്റുമായി പുനലൂർ എസ്.എൻ കോളജ് മൂന്നാം സ്ഥാനത്തുമുണ്ട്. പുരുഷവിഭാഗത്തിൽ 54 പോയിന്റുമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഒന്നാം സ്ഥാനത്ത് നില്ക്കുന്പോൾ 35 പോയിന്റ് നേടിയ അഞ്ചൽ സെന്റ് ജോണ്‍സ് രണ്ടാം സ്ഥാനത്തും കാര്യവട്ടം എൽഎൻസിപിഇ മൂന്നാം സ്ഥാനത്തുമുണ്ട്.
വനിതാ വിഭാഗത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കാര്യവട്ടം എൽഎൻസിപിഇയുടെ കുതിപ്പിനാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സാക്ഷ്യം വഹിച്ചത്. കാര്യവട്ടത്തിന്റെ പെണ്‍പട തൊട്ടതെല്ലാം പൊന്നാക്കിയപ്പോൾ രണ്ടു ദിനം കൊണ്ട് സ്വന്തമാക്കിയത് 92 പോയിന്റുകൾ. ഈ വിഭാഗത്തിൽ പുനലൂർ എസ്.എൻ കോളജ് 26 പോയിന്റുമായി രണ്ടാമതും 21 പോയിന്റുമായി ചേർത്തല എസ്.എൻ കോളജ് മൂന്നാമതുമെത്തി. മീറ്റ് ഇന്ന് അവസാനിക്കും.
ഇന്നലെ നടന്ന പുരുഷവിഭാഗം ഹൈജംപിൽ കൊല്ലം ടികെഎം കോളജിലെ ജോമോൻ ജോയി മീറ്റ് റിക്കാർഡിന് അവകാശിയായി. 2.09 മീറ്റർ ചാടിയാണ് ജോമോൻ റിക്കാർഡ് ബുക്കിൽ ഇടം നേടിയത്.