കുളത്തൂപ്പുഴയിലെ അഴിമതിക്കെതിരേ പരാതി നൽകുമെന്ന് കോൺഗ്രസ്
1486460
Thursday, December 12, 2024 6:07 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരേ വിജിലൻസിന് പരാതി നൽകുമെന്ന് കുളത്തൂപ്പുഴ രാജീവ് ഭവനിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ്കുമാർ അറിയിച്ചു.
പഞ്ചായത്തിൽ നടപ്പാക്കിയ തൂവെളിച്ചം പദ്ധതി ഭരണഘടന, സമ്പൂർണ സാക്ഷരത പ്രഖ്യാപനം, കുടുംബശ്രീ യൂണിറ്റുകൾക്കുള്ള വായ്പ എന്നിവയിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി അദ്ദേഹം ആരോപിച്ചു.
തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ആവിഷ്കരിച്ച തൂവെളിച്ചം പദ്ധതിയിൽ തെരുവു വിളക്കുകൾ എവിടെയെല്ലാം സ്ഥാപിച്ചെന്ന കാര്യത്തിൽ രേഖകളും കണക്കുകളും ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി പുതിയ വഴിവിളക്കുകൾ വാങ്ങിയതിന് രേഖകളുണ്ട്. ഗാരന്റി കാലാവധിയുള്ള സാധനങ്ങൾ വീണ്ടും വാങ്ങിയതിനും ഉപയോഗിച്ചതിനും പിന്നിൽ സാമ്പത്തിക തട്ടിപ്പ് നടന്നതായി അദ്ദേഹം ആരോപിച്ചു.
ഈ വിഷയത്തിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിൽ സമിതി യോഗത്തിൽ വാഗ്വാദം നടന്നതായും പദ്ധതിയിൽ അഴിമതിയുണ്ടെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.
ഭരണഘടന സാക്ഷരത പരിപാടിക്കായി തനത് ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയ വിവരം ഭരണസമിതി അംഗങ്ങളെ അറിയിച്ചിരുന്നില്ലെന്നും പദ്ധതിക്കായി പണപ്പിരിവ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സൈനബ ബീവി, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ.കെ. കുര്യൻ, ജനപ്രതിനിധികളായ സാബു ഏബ്രഹാം, സുലാഷ് കുമാർ, ജോസഫ്, സക്കറിയ, സിസിലി ജോബ്, എന്നിവരും പങ്കെടുത്തു.