ഗാന്ധിഭവന്റെ 21 ാം വാര്‍ഷികം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
1486124
Wednesday, December 11, 2024 6:33 AM IST
കൊല്ലം: പത്തനാപുരം ഗാന്ധിഭവന് വയോജനകേന്ദ്രത്തിന്റെ ഇരുപത്തിഒന്നാം വാര്‍ഷികം 13 ന് രാവിലെ 11 ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.
2002 നവംബറില്‍ ഡോ. സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്ത ഒരു സാംസ്കാരിക സംഘടന 2003 ല്‍ തെരുവിലകപ്പെട്ട ഒരു അമ്മയെ സ്വീകരിച്ച് ജില്ലയിലെ പത്തനാപുരത്ത് 600 രൂപ വാടകയുള്ള ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
അത് 2005 ല്‍, മൂന്നുകിലോമീറ്റര്‍ ദൂരത്തായി കുണ്ടയം ഗ്രാമത്തില്‍ കല്ലടയാറിന്റെ തീരത്ത് ഗാന്ധിഭവന് എന്ന സ്നേഹഗ്രാമമായി മാറി. ഗാന്ധിഭവന് ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ മതേതര ജീവകാരുണ്യകുടുംബം എന്ന ബഹുമതിയും, നാല് ഐഎസ്ഒ അംഗീകാരങ്ങളും, ഇന്ത്യയില്‍ ഏറ്റവുമധികം അംഗീകാരങ്ങള്‍ നേടിയ പ്രസ്ഥാനം എന്ന ഖ്യാതിയും നേടി.
ഇന്ത്യയിലെ ഏറ്റവും മികച്ച കാരുണ്യസ്ഥാപനത്തിനുള്ള വയോശ്രേഷ്ഠ സമ്മാന്‍ ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയ ഗാന്ധിഭവന് നാല് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.കേരളത്തിന്റെവിവിധ ജില്ലകളിലായി ബഹുജനപങ്കാളിത്തത്തോടെ ഇരുപതോളം ശാഖാസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. സേവനതൽപ്പരരുടെ കൂട്ടായ്മയും കരുതലും 21 വയസ് പൂര്‍ത്തീകരിക്കുന്ന ഗാന്ധിഭവനെ മുന്നോട്ടു നയിക്കുന്നു.
പുനലൂര്‍ കെ. ധര്മരാജന് അധ്യക്ഷനാകുന്ന ചടങ്ങില്‍ ഗാന്ധിഭവന് സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്, എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, വി.ജെ. ജോര്‍ജ് കുളങ്ങര, കേണല്‍ എസ്. ഡിന്നി, ഗാന്ധിഭവന് ചെയര്‍പേഴ്സണ്‍ ഡോ. ഷാഹിദാ കമാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.