ജില്ലാ നേതൃത്വത്തിന് എതിരേ സംസ്ഥാന സെക്രട്ടറി
1486113
Wednesday, December 11, 2024 6:16 AM IST
കൊല്ലം: കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ജില്ലാ സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ട് അവതരണത്തിന് ശേഷം സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരുനാഗപ്പള്ളിയിലെ ചേരി തിരിവിന് പരിഹാരം കാണാൻ ജില്ലാ നേതൃത്വം സമയോചിതമായി ഇടപെട്ടില്ല. നിരവധി തവണ നിർദേശങ്ങൾ നൽകിയെങ്കിലും വിഷയം പരിഹരിക്കുന്നതിൽ ഏരിയാ കമ്മിറ്റിയും പരാജയപ്പെട്ടു.
കരുനാഗപ്പള്ളി ഏരിയയിൽ നിർത്തിവച്ച ലോക്കൽ സമ്മേളനങ്ങൾ വീണ്ടും നടത്താൻ നിയോഗിക്കപ്പെട്ട സംസ്ഥാന കമ്മിറ്റിയംഗങ്ങൾ അവരുടെ ഉത്തരവാദിത്വം കൃത്യമായി വിനിയോഗിച്ചതുമില്ല.
സ്ഥിതിഗതികൾ ഇത്രയേറെ വഷളായിട്ടും അത് ഗൗരവ സ്വഭാവത്തോടെ സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താൻ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്നലെ വൈകുന്നേരം ആരംഭിച്ചു.
ചർച്ച ഇന്നും തുടരും. നാളെ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തെരഞ്ഞെടുപ്പും നടക്കും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തും എന്നാണ് സൂചന.