താലൂക്ക് ആശുപത്രി: മോർച്ചറി വരുമാനത്തിൽ തട്ടിപ്പു നടന്നതായി കണ്ടെത്തി
1486127
Wednesday, December 11, 2024 6:33 AM IST
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ മോർച്ചറി വരുമാനത്തിൽ വൻ തട്ടിപ്പു നടന്നതായി കണ്ടെത്തി. ഒരു വർഷത്തിനുള്ളിൽ ഏകദേശം 1,48,000 രൂപ അപഹരിച്ചതായിട്ടാണ് പ്രാഥമിക വിവരം. ചില സംശയങ്ങളുടെ അടിസ്ഥാനത്തിൽ ആശുപത്രി സൂപ്രണ്ട് കണക്കുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്.മുൻവർഷങ്ങളിലെ കണക്കുകൾ കൂടി പരിശോധിച്ചാൽ തട്ടിപ്പിന്റെ ആഴം വർധിക്കും. വിശദ പരിശോധന നടത്താൻ സൂപ്രണ്ട് തീരുമാനിച്ചിട്ടുണ്ട്. വിവരം ജില്ലാ മെഡിക്കൽ ഓഫീസറെ ധരിപ്പിച്ചു.
ഒരു ശവശരീരം 24 മണിക്കൂർ സൂക്ഷിക്കുന്നതിന് 500 രൂപയാണ് ഫീസായി ഈടാക്കുന്നത്. സ്വകാര്യമോർച്ചറികളിൽ ചാർജ് ഇരട്ടിയായതിനാൽ താലൂക്കാശുപത്രി മോർച്ചറിയിൽ എപ്പോഴും തിരക്കായിരിക്കും. ഈ സാഹചര്യമാണ് ചുമതലപ്പെട്ടവർ മുതലെടുത്തത്. കൊട്ടാരക്കര താലൂക്കാശുപത്രി കുറെക്കാലമായി വിവാദങ്ങൾക്ക് നടുവിലാണ്. ചികിത്സാ പിഴവുകൾ, മരണങ്ങൾ, ചികിത്സാ ഉപകരണങ്ങളുടെ തകരാറുകൾ, ഡോ: വന്ദന ദാസിന്റെ കൊലപാതകം തുടങ്ങിയവയെല്ലാം ഈ ആശുപത്രിയുബന്ധപ്പെട്ട വിവാദങ്ങളിൽ ചിലതു മാത്രമാണ്.
മോർച്ചറിയുമായി ബന്ധപ്പെട്ട തട്ടിപ്പിനെ തുടർന്ന് ബി ജെ പി പ്രവർത്തകർ അശുപത്രി വളപ്പിൽ പ്രതിഷേധിച്ചു. തട്ടിപ്പിൽ മോർച്ചറി സൂക്ഷിപ്പുകാരൻ മാത്രമല്ല ചുമതലപ്പെട ഉദ്യോഗസ്ഥരും ,നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും നഗരസഭാ ചെയർമാനും പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു. പാർക്കിംഗ് , എക്സറേ, സ്കാനിംഗ് തുടങ്ങിയവയുടെ കണക്കുകൾ പരിശോധിച്ചാൽ തട്ടിപ്പിന്റെ വ്യാപ്തി വലുതായിരിക്കുമെന്നും അവർ പറഞ്ഞു.