ചെങ്കോട്ട- പുനലൂർ പാതയിൽ ശബരിമല സ്പെഷൽ ട്രെയിൻ
1486449
Thursday, December 12, 2024 6:07 AM IST
പുനലൂർ: ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽവേ പാതയ്ക്ക് ചരിത്ര നിമിഷം സമ്മാനിച്ച് ശബരിമല സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. സെക്കന്തരാബാദിൽ നിന്ന് കൊല്ലത്തേക്കാണ് സ്പെഷൽ ട്രെയിൻ സർവീസ്. രണ്ടു സർവീസുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചത്, യാത്രക്കാരുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണം ഉണ്ടായാൽ ഈ സർവീസ് നീട്ടുന്ന കാര്യം റെയിൽവേ പരിഗണിക്കും.
19, 26 എന്നീ ദിവസങ്ങളിൽ സെക്കന്തരാബാദിൽ നിന്ന് കൊല്ലത്തേക്കും, 21, 28 തീയതികളിൽ കൊല്ലത്തു നിന്നും തിരികെ സെക്കന്തരാബാദിലേക്കും ആണ് സർവീസ് പ്രഖ്യാപിച്ചത്. ശബരിമല സീസണോടൊപ്പം ക്രിസ്മസ് അവധി ദിനങ്ങളിൽ സെക്കന്തരാബാദ്, ഹൈദരാബാദ്, കാട്പ്പാടി തുടങ്ങിയ മേഖലകളിൽ നിന്ന് കേരളത്തിലെത്താൻ ടിക്കറ്റിന് ശ്രമിക്കുന്ന യാത്രക്കാർക്ക് സർവീസ് ഉപകാരപ്രദമാണ്.
സൗത്ത് വെസ്റ്റേൺ റെയിൽവെ, ഈസ്റ്റ് കോസ്റ്റൽ റെയിൽവെ, സൗത്ത് സെൻട്രൽ റെയിൽവെ എന്നീ സോണുകൾ ചെങ്കോട്ട, പുനലൂർ വഴി ശബരിമല സ്പെഷൽ സർവീസുകൾക്ക് ശിപാർശകൾ നൽകിയിരുന്നു. എന്നാൽ മധുര ഡിവിഷനിൽ ലോക്കോ പൈലറ്റ്മാർ ആവശ്യത്തിന് ഇല്ലാത്തത് കാരണം ഈ സ്പെഷൽ സർവീസുകൾ ഓടിക്കാൻ സാധിച്ചിരുന്നില്ല. മണ്ഡലപൂജയും, മകരവിളക്കും പ്രമാണിച്ച് സൗത്ത് സെൻട്രൽ റെയിൽവെ ശിപാർശ ചെയ്ത സർവീസ് ആരംഭിക്കാൻ ദക്ഷിണ റെയിൽവേയും അംഗീകാരം നൽകുകയായിരുന്നു
കേരളത്തിനുള്ളിൽ പുനലൂരിലും, കൊല്ലത്തും മാത്രമാണ് സ്റ്റോപ്പുകൾ ഉള്ളത്. 22 കോച്ചുകൾ ഉള്ള സർവീസ് ആയതിനാൽ മറ്റ് റെയിൽവെ സ്റ്റേഷനുകളിൽ ആവശ്യമായത്ര നീളം പ്ലാറ്റ്ഫോമുകൾക്ക് ഇല്ലാത്തതാണ് സ്റ്റോപ്പുകൾ അനുവദിക്കാൻ സാധിക്കാത്തത്.
ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽവേ പാത ബ്രോഡ്ഗേജ് ആയി മാറിയതിനു ശേഷം ആദ്യമായാണ് ഔദ്യോഗികമായി ശബരിമല സ്പെഷൽ ട്രെയിൻ ഈ റൂട്ടിലൂടെ പ്രഖ്യാപിക്കുന്നത്. സൗത്ത് സെൻട്രൽ റെയിൽവേയുടെ ഭാഗമായി വരുന്ന ഹൈദരാബാദ്, സെക്കന്തരാബാദ് മേഖലകളിൽ നിന്ന് ആദ്യമായാണ് പുനലൂർ വഴി സർവീസ് ആരംഭിക്കുന്നത്.
സർവീസ് ആരംഭിക്കാൻ നടപടി സ്വീകരിച്ച സൗത്ത് സെൻട്രൽ റെയിൽവെ, ദക്ഷിണ റെയിൽവേ, കൊല്ലം, മാവേലിക്കര എംപിമാർ എന്നിവർക്ക് നന്ദി അറിയിക്കുന്നതായി കൊല്ലം - ചെങ്കോട്ട റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.