പുനലൂരില്‍ ആധുനിക മാര്‍ക്കറ്റ്; നിര്‍മാണം ഉടന്‍ ആരംഭിക്കും
1486448
Thursday, December 12, 2024 6:07 AM IST
പുനലൂര്‍: പുനലൂര്‍ നഗരസഭയുടെ നിയന്ത്രണത്തിലുള്ള ശ്രീരാമവര്‍മപുരം മാര്‍ക്കറ്റില്‍ ആധുനിക മാര്‍ക്കറ്റിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കിഫ്ബി ധനസഹായത്തോടെയാണ് നിര്‍മാണം. 6.65 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍. തമിഴ്നാട്ടിലെ സേലം ആസ്ഥാനമാക്കിയുള്ള വിപിഎം പ്രോജക്ട് എന്ന കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഒരു വര്‍ഷമാണ് നിര്‍മാണ കാലാവധി. 2025 ഡിസംബര്‍ 31 ന് നിര്‍മാണം പൂര്‍ത്തിയാക്കും.
ആദ്യഘട്ടമായി 26000 ചതുരശ്ര അടിയില്‍ 67 അടച്ചുറപ്പുള്ള കടമുറികളും 28 തുറന്ന മത്സ്യ സ്റ്റാളുകളും നിര്‍മിക്കും. ഇതോടൊപ്പം മാലിന്യ സംസ്കരണ പ്ലാന്റ്, ഐസ് പ്ലാന്റ്, ശീതീകരണ മുറി, ഫുഡ് സേഫ്റ്റി ഓഫീസ്, പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ശുചിമുറി ബ്ലോക്ക് തുടങ്ങി എല്ലാ സംവിധാനങ്ങളും ഉണ്ടായിരിക്കും. ഗ്രൗണ്ട് ഫ്ളോറില്‍ 22000 ചതുരശ്ര അടിയിലായി 57 മുറികളും ഒന്നാം നിലയില്‍ 4000 ചതുരശ്ര അടിയിലായി 10 മുറികളുമാണ് നിര്‍മിക്കുന്നത്.
കരാര്‍ കമ്പനി പ്രതിനിധികളോടൊപ്പം നഗരസഭാ അധ്യക്ഷ കെ. പുഷ്പലത, ഉപാധ്യക്ഷന്‍ രഞ്ജിത് രാധാകൃഷ്ണന്, സ്ഥിരം സമിതി അധ്യക്ഷരായ ബിനോയ് രാജന്, പ്രിയപിള്ള, വസന്ത രഞ്ചന്‍, അഡ്വ. പി.എ. അനസ്, വാര്‍ഡ് കൗണ്‍സിലര്‍ നിമ്മി എബ്രഹാം, മുന്‍ വൈസ് ചെയര്മാന്മാരായ ഡി. ദിനേശന്, വി.പി. ഉണ്ണികൃഷ്ണന്, കൗണ്‍സിലര്‍ അജി ആന്റണി എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും മാര്‍ക്കറ്റിലെ വ്യാപാരികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു.