ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് നാലും യുഡിഎഫിന് രണ്ടും സീറ്റുകളില്‍ വിജയം
1486453
Thursday, December 12, 2024 6:07 AM IST
കൊല്ലം: ജില്ലയില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നാലും യുഡിഎഫിന് രണ്ടും സീറ്റുകളില്‍ വിജയം. യുഡിഎഫിന്റെ രണ്ടും ബിജെപിയു ഒന്നും സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്താണ് എല്‍ഡിഎഫ് രണ്ടിടത്ത് വിജയിച്ചത്. എല്‍ഡിഎഫിന്റെ രണ്ട് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.
കുന്നത്തൂരിലെ തെറ്റുമുറി (വാര്‍ഡ് - അഞ്ച്), പടിഞ്ഞാറെ കല്ലടയിലെ നടുവിലക്കര(വാര്‍ഡ് - എട്ട്), ഏരൂരിലെ ആലഞ്ചേരി (വാര്‍ഡ് - 17), തേവലക്കരയിലെ കോയിവിള തെക്ക് (വാര്‍ഡ് - 12), പാലയ്ക്കല്‍ വടക്ക് (വാര്‍ഡ് - 22), ചടയമംഗലത്തെ പൂങ്കോട് (വാര്‍ഡ് - അഞ്ച്) എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
യുഡിഎഫിന്റെ പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ നടുവിലക്കര വാര്‍ഡും തേവലക്കര പഞ്ചായത്തിലെ അരിനല്ലൂര്‍ സൗത്ത് വാര്‍ഡുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. കുന്നത്തൂര്‍ പഞ്ചായത്തിലെ ബിജെപിയുടെ തെറ്റുമുറി വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ തേവലക്കര പാലയ്ക്കല്‍ വടക്ക് വാര്‍ഡും ചടയമംഗലത്തെ പൂങ്കോട് വാര്‍ഡും യുഡിഎഫ് പിടിച്ചെടുത്തു. ആലഞ്ചേരിയില്‍ സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി.
പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ നടുവിലക്കര വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. കോണ്‍ഗ്രസ് വാര്‍ഡ് അംഗമായിരുന്ന ബിന്ദുവിന്റെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധു കോയിപ്പുറത്താണ് 92 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 351 വോട്ട് സിന്ധു നേടി. യുഡിഎഫ് സ്ഥാനാര്‍ഥി എസ്.അഖില 238 വോട്ടും, ബിജെപി സ്ഥാനാര്‍ഥി ധന്യ 259 വോട്ടും നേടി. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ 14 വാര്‍ഡാണുള്ളത്. എല്‍ഡിഎഫ് - എട്ട്, യുഡിഎഫ് - നാല്, ബിജെപി - ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
കുന്നത്തൂര്‍ പഞ്ചായത്തിലെ തെറ്റുമുറി വാര്‍ഡില്‍ ബിജെപിയുടെ സീറ്റ് പിടിച്ചെടുത്താണ് എല്‍ഡിഎഫിന്റെ ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍. തുളസി 162 വോട്ടു ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 39ം വോട്ട് നേടി. യുഡിഎഫിന്റെ അഖില്‍ പൂലേത് 226 വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ സുരേഷ് തച്ചന്റഴികത്തിന് 202 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ബിജെപി അംഗം അമല്‍രാജ് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ എല്‍ഡിഎഫ് - എട്ട്, യുഡിഎഫ് - മൂന്ന്, ബിജെപി - നാല്) സ്വതന്ത്രന് - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചു. എല്‍ഡിഎഫ് അംഗമായ ശ്രീജയ്ക്ക് ജോലി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥി ഉഷാബോസ് 43 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചു. 429 വോട്ട് നേടി. എല്‍ഡിഎഫിന്റെ അഡ്വ. ഗ്രീഷ്മ ചൂഢന്‍, ബിജെപിയുടെ ലേഖാ രാജേഷ് എന്നിവര്‍ യഥാക്രമം 386, 50 വോട്ടുകള്‍ നേടി. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ എല്‍ഡിഎഫ് - 10 , കോണ്‍ഗ്രസ് - രണ്ട്, ബിജെപി - രണ്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ഏരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരിയില്‍ സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ്.ആര്. മഞ്ജു 510 വോട്ടുകള്‍ നേടി വിജയിച്ചു. 87 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി അന്നമ്മ (സുജാ വിത്സണ്) 368 വോട്ടും ബിജെപി സ്ഥാനാര്‍ഥി എം. ഷൈനി 423 വോട്ടും നേടി. സിപിഎം പ്രതിനിധിയായ അജിമോള്‍ വിദേശത്ത് പോയതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ സിപിഎം -ആറ്, സിപിഐ - 7, യുഡിഎഫ് -രണ്ട്, ബിജെപി - മൂന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.