പാർട്ടിയിലെ വിഭാഗീയത പരിഹരിക്കാൻ പ്രത്യേക ശൈലി: എം.എ. ബേബി
1486111
Wednesday, December 11, 2024 6:16 AM IST
കൊല്ലം: പാര്‍ട്ടിയിലെ വിഭാഗീയത പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സിപിഎമ്മിന് അതിന്റെതായ ശൈലിയുണ്ടെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ .ബേബി. സിപിഎം ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം കൊട്ടിയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎം സമ്മേളനങ്ങളില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ സ്വഭാവത്തിന് നിരക്കാത്ത ചെറിയ വ്യതിചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് മഹാ സംഭവമായാണ് ചില മാധ്യമങ്ങള്‍ അടക്കം അവതരിപ്പിക്കുന്നത്. ജനാധിപത്യം ചാര്‍ത്തിക്കൊടുത്ത പാര്‍ട്ടികളേക്കാള്‍ മെച്ചമായാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന സത്യം എല്ലാവരും മറക്കുകയാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസില്സംഘടനാ തെരഞ്ഞെടുപ്പ് നടന്നത് 1991 ലാണ്. സിപിഎം മൂന്നു വര്‍ഷം കൂടുമ്പോള്‍ സമ്മേളനം നടത്തി വീഴ്ചകളും നേട്ടങ്ങളും ചര്‍ച്ചചെയ്യും. ഇത് മറ്റെവിടെയാണ് കാണാനാകുകയെന്ന് അദ്ദേഹം ചോദിച്ചു.
പാര്‍ട്ടിയെയും സര്‍ക്കാരിനെയും മാധ്യമങ്ങളും മറ്റ് പാര്‍ട്ടികളും ചില തീവ്രവാദ സംഘടനകളും ചേര്‍ന്ന് കടന്നാക്രമിക്കുകയാണ്. സംഘടിതമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലംമുതല്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരേ കടന്നാക്രമണവും തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ അസത്യം പ്രചരിപ്പിക്കുന്നതില്‍ തീവ്രവാദ സംഘടനകളും യുഡിഎഫും ബിജെപിയും മല്‍സരിക്കുന്നത്.
കേരളത്തിന്റെയും രാജ്യത്തിന്റെയും ഭാവിക്ക് ഇടതുപക്ഷ സര്‍ക്കാരിനെ സംരക്ഷിക്കണം. ആര്‍എസ്എസിന്റെ ഫാസിസ്റ്റ് സ്വഭാവം ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. ഇതിനെതിരേ പ്രതികരിക്കാനും പ്രതിരോധിക്കാനും കോണ്‍ഗ്രസിനാവുന്നില്ല. ആര്‍എസ്എസുമായി ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് സഹകരിക്കുന്നതായാണ് കാണുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന നിലപാടാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നു ഉണ്ടാകുന്നത്. ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്നതിനായുള്ള നിയമനിര്‍മാണം നടത്തിയതിന്റെ ഫയല്‍ രാഷ്ട്രപതിക്ക് അയച്ച് വച്ചു താമസിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.
കേരള പിറവിക്കു ശേഷം ഉള്ള 70 വര്‍ഷത്തെ ഭരണത്തില്‍ പല ഘട്ടങ്ങളിലായി 30 വര്‍ഷം കേരളം ഭരിച്ചത് എല്‍ഡിഎഫ് ആണ്. 2026ലെ തെരഞ്ഞെടുപ്പിലും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ച്ചയുണ്ടാവണം. ഇതിനായി ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ വരുംനാളില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളിലേക്ക് ഇറങ്ങണം. എല്ലാ വിഭാഗം ജനങ്ങളുമായി ഉറ്റ ബന്ധം സ്ഥാപിക്കുകയും വേണം.
അപകടകരമായ പാതയിലാണ് ആര്‍എസ്എസും ബിജെപിയും മുന്നോട്ടുപോകുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാന്‍ അവർ ശ്രമിക്കുന്നു. ഇതൊന്നും രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്ക് ഒരുപ്രശ്നമല്ല. രാഷ്ട്രീയ കെല്‍പ്പില്ലാത്ത ഒന്നായി രാജ്യത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടി മാറി.
വിജയത്തിന്റെ വക്കില്‍നിന്നും പരാജയം ഏറ്റുവാങ്ങുന്ന രാഷ്ട്രീയ നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത്. രാജ്യം അപകടകരമായ അവസ്ഥയിലാണെന്നും എം.എ. ബേബി പറഞ്ഞു.