താമരക്കുളത്ത് കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങളായി; പ്രതിഷേധവുമായി കോൺഗ്രസ്
1485851
Tuesday, December 10, 2024 6:31 AM IST
കൊല്ലം: കൊല്ലം നഗരത്തിന്റെ ഹൃദയഭാഗമായ താമരക്കുളം പ്രദേശത്ത് കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങളായിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ സ്ഥലം കൗൺസിലർ കൂടിയായ മേയർ പ്രസന്ന ഏണസ്റ്റ് തയാറാകാത്തത് പ്രതിഷേധാർഹമാണെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ.
ആണ്ടാമുക്കത്ത് പ്രവർത്തന രഹിതമായ കുഴൽ കിണറിന് പ്രതിഷേധ റീത്ത് സമർപ്പിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിന്ദുകൃഷ്ണ.
കോർപ്പറേഷനിൽ ചോദിച്ചാൽ അത് വാട്ടർ അഥോറിറ്റിയുടെ കുറ്റമാണെന്ന് പറയും. വാട്ടർ അഥോറിറ്റിയിൽ ചോദിച്ചാൽ അത് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിന്റെ കുഴപ്പമാണെന്ന് പറയും.
പുതിയ കുഴൽ കിണർ കുഴിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി വാട്ടർ അഥോറിറ്റി കോർപ്പറേഷനിൽ സമർപ്പിച്ചിട്ട് മാസങ്ങളായി. കോർപ്പറേഷൻ തുക വാട്ടർ അഥോറിറ്റിക്ക് ഇതുവരെ കൈമാറുവാൻ തയാറായിട്ടില്ല. ഇതാണ് യഥാർഥ വസ്തുത.
90 കളിൽ കരുമാലിൽ സുകുമാരൻ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന കാലത്ത് ആണ്ടാമുക്കത്ത് സ്ഥാപിച്ചിരുന്ന പമ്പിംഗ് സ്റ്റേഷനിൽ നിന്നാണ് താമരക്കുളത്തേക്ക് വെള്ളം പമ്പ് ചെയ്ത് നൽകിയിരുന്നത്.
ആണ്ടാമുക്കത്തെ കുഴൽക്കിണർ ഇടിഞ്ഞു താണിട്ട് മൂന്നുമാസത്തോളമായി. അതാണ് താമരക്കുളത്തെ കുടിവെള്ള പ്രശ്നം. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണം അല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തുമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
കോൺഗ്രസ് താമരക്കുളം ഡിവിഷൻ പ്രസിഡന്റ് സുദർശൻ താമരക്കുളം അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സൂരജ് രവി, ഡി. ഗീതകൃഷ്ണൻ, കെ.എം. റഷീദ്, എ.കെ. സാബ്ജാൻ, പി. ഗംഗധരൻ പിള്ള, അബ്ദുൽ റഹ്മാൻ, അമലദാസ്, ഓലയിൽ ചന്ദ്രൻ, രഞ്ജിത്ത് കലുങ്കുമുഖം, അഡ്വ. സന്തോഷ് ഉളിയകോവിൽ, രാജേഷ് കുമാർ , ഗ്രേസി എഡ്ഗർ, എ.എസ്. ഷാജഹാൻ, അഫ്സൽ, ചക്രശൂലൻ, ശബരിനാഥ്, ആഷിർ, ബിജുലാൽ, ഹരിത, അൻസിൽ രാജ്, ഗണേഷ് കുമാർ, ഗണേഷ് ജോൺ, ഷെരീഫ്, സ്റ്റീഫൻ, സലീം, രാജേഷ് ആണ്ടാമുക്കം, ജോയ്, സണ്ണി, റോബിൻ, ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.