പേവിഷ പ്രതിരോധ ബോധവത്കരണത്തിൽ വിദ്യാര്‍ഥികള്‍ക്കും പങ്ക്: ജെ. ചിഞ്ചുറാണി
1485853
Tuesday, December 10, 2024 6:31 AM IST
കൊല്ലം: പേവിഷ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്കും മുഖ്യ പങ്കുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
സമഗ്ര പേവിഷ പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പേവിഷ ബോധവത്കരണ പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് എസ്എന്‍ വിമന്‍സ് കോളജില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. 2030 ഓടെ സംസ്ഥാനത്തെ പേവിഷബാധ മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
2022 ല്‍ സംസ്ഥാനത്ത് ആരംഭിച്ച മാസ് ഡോഗ് വാക്സിനേഷന് പദ്ധിയിലെ പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മിഷന് റാബീസ് എന്ന സംഘടനയുമായി മൃഗസംരക്ഷണ വകുപ്പ് ധാരണാപത്രം ഒപ്പു വച്ച് പ്രവര്‍ത്തിച്ചു വരികയാണെന്നും, പേവിഷ പ്രതിരോധ കുത്തിവയ്പിനൊപ്പം നായകളിലെ എബിസി പദ്ധതി വഴിയും സമഗ്രവും ചിട്ടയായതുമായ ബോധവത്കരണ പദ്ധതികളിലൂടെയും മാത്രമേ റാബീസിന് തടയിടാന്‍ കഴിയൂവെന്ന് മന്ത്രി പറഞ്ഞു.
മൂന്നാം ഘട്ട മാസ് ഡോഗ് വാക്സിനേഷന്റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് മിഷന് റാബീസ്, സിഎഡബ്ല്യൂഎ സംഘടനകളുടെ നേതൃത്വത്തില്‍ സജ്ജീകരിച്ച പേവിഷ ബോധവത്കരണ പ്രചാരണ വാഹനം കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നത്.
പേവിഷബാധ തടയുന്നതിനെക്കുറിച്ച് പൊതുജന അവബോധം വര്‍ധിപ്പിക്കുക, നായയുടെ കടി മൂലം ഉണ്ടാകുന്ന മുറിവിന്റെ ഫലപ്രദമായ പരിചരണം, പേവിഷബാധ തടയുന്നതില്‍ പ്രതിരോധ കുത്തിവയ്പിന്റെ പ്രാധാന്യം, പേവിഷബാധയ്ക്കെതിരായ പോരാട്ടത്തില്‍ സാമൂഹിക പങ്കാളിത്തം വളര്‍ത്തുക എന്നീ വിഷയങ്ങള്‍ സമൂഹമധ്യത്തില്‍ അവതരിപ്പിച്ച് പൊതുജനങ്ങളില്‍ ഈ രോഗത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടിയാണ് പ്രചാരണ വാഹന പരിപാടി തയാറാക്കിയിട്ടുള്ളത്.
വരുന്ന ദിവസങ്ങളില്‍ ജില്ലയിലെ സ്കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വാഹനം മുഖേന പേവിഷ ബാധ സംബന്ധിച്ച വീഡിയോ ചിത്രങ്ങളും, പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്യും. കൂടാതെ പൊതുജനങ്ങള്‍ക്കുള്ള സംശയദൂരീകരണത്തിനായി ആശയ വിനിമയ സെഷനുകളും പ്രചാരണ പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ.എല്‍ അജിത്, പ്രിന്‍സിപ്പല്‍ പ്രൊ. എസ്. ജിഷ, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷീബ പി. ബേബി, അസിസ്റ്റന്റ് ഡയറക്ടര്‍, ഡോ. കെ.ജി. പ്രദീപ്, സിഎഡബ്ല്യൂഎ മാനേജര്‍ പ്രിന്‍സ്, സോന ജി. കൃഷ്ണന്, ഡോ. എസ്. ദിവ്യ, പാര്‍വ്വതി, കാവ്യ എന്നിവര്‍ പങ്കെടുത്തു.