ആര്യങ്കാവിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കണമെന്ന് ആവശ്യം
1486121
Wednesday, December 11, 2024 6:33 AM IST
ആര്യങ്കാവ് : യാതൊരു നിയന്ത്രണവുമില്ലാതെ ആര്യങ്കാവിലൂടെ ഓടുന്ന ടോറസ്, ട്രെയിലർ ലോറികളുടേയും മറ്റു വലുതും ചെറുതുമായ വാഹനങ്ങളുടേയും അമിത വേഗം മൂലം ആര്യങ്കാവ് പ്രദേശത്തുകൂടി പേടിച്ചു വഴി നടക്കേണ്ട അവസ്ഥ ആയിരിക്കുന്നു.
പ്രദേശത്ത് പ്രീ-പ്രൈമറി മുതൽ ഹൈസ്കൂൾ വരെ നാലു സ്കൂളുകളിലായി പഠിക്കുന്ന വിദ്യാർഥികൾ ഭയത്തോടെയാണ് റോഡിലൂടെ നടക്കുന്നത്. ഇടുങ്ങിയ റോഡുകളും വളവുകളും റോഡിന്റെ വശങ്ങളിലുള്ള ഓടകൾക്ക് മൂടിയില്ലാത്തതും നടപ്പാത ഇല്ലാത്തതുകൊണ്ടുമെല്ലാം ഈ പ്രദേശത്തു കൂടിയുള്ള കാൽനട യാത്ര പേടിസ്വപ്നമാണ്.
പാലരുവി മുതൽ ആര്യങ്കാവ് അമ്പലം വരെയുള്ള സ്ഥലങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചോ ഡബിൾ ഹൈറ്റ് റംബിൾ സ്ട്രിപ്പ് നിർമിച്ചോ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. സെന്റ്മേരീസ് ഹൈ സ്കൂളിന്റെമുൻപിൽ ഉണ്ടായിരുന്ന സീബ്രാ ക്രോസിങ് ലൈൻ പുനഃസ്ഥാപിക്കണം എന്നും ആവശ്യമുണ്ട് . നിലവിൽ സ്കൂളിലെ കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ അധ്യാപകർ സഹായിക്കുകയാണ് ചെയ്യുന്നത് .
എല്ലാ സ്ഥലങ്ങളിലും സ്കൂൾ കുട്ടികളുടെ സഞ്ചാരസമയമായ രാവിലെഎട്ടുമുതൽ 9.30 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈകുന്നേരം അഞ്ചുവരെയും ടിപ്പർ ,ടോറസ് പോലെയുള്ള വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടെങ്കിലും ആര്യങ്കാവ് പ്രദേശത്ത് ഇതൊന്നും പാലിക്കാതെ എല്ലാ സമയത്തും വാഹനങ്ങൾ നിയത്രണമില്ലാതെ പായുകയാണ് .
വനപ്രദേശം ആയതിനാൽ രാത്രികാലങ്ങളിൽ ഇരുട്ട് കൂടുതൽ ആയതിനാൽ വഴിവിളക്കുകൾ സ്ഥാപിക്കുകയും വേണം. റോഡിനിരുവശവും നടപ്പാതകൾ നിർമിക്കുകയും നിലവിലുള്ള ഓടകൾക്കു മുകളിൽ സ്ലാബുകൾ സ്ഥാപിക്കുകയും ചെയ്താൽ കാൽനടയാത്ര ചെയ്യുന്നവരുടെ ഭീതി കുറച്ചെങ്കിലും ഒഴിവാക്കാൻ സാധിക്കും.
വാഹനങ്ങൾ ഇടിച്ചും സ്ക്രൂ നഷ്ടപെട്ടും കാടുകയറിയും കിടക്കുന്ന സൂചന ബോർഡുകൾ ശരിയായി രീതിയിൽ സ്ഥാപിക്കണം. മണ്ഡലകാലം തുടക്കത്തിൽ സെന്റ്മേരിസ് ഹൈസ്കൂളിലെ കുട്ടികൾ ആര്യങ്കാവ് ജംഗ്ഷൻ മുതൽ പാലരുവി വരെയുള്ള സൂചനാബോർഡുകൾ വൃത്തിയാക്കിയിരുന്നു. റോഡ് സൈഡിൽ അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന പെട്ടിക്കടകൾ വലിയ തടസം സൃഷ്ടിക്കുന്നു.
അതുമൂലം ദീർഘ ദൂര വാഹനങ്ങൾക്ക് പാർക്ക് ചെയ്യുവാനോ ഡ്രൈവർമാർക്ക് വിശ്രമിക്കുവാനോ സാധിക്കുന്നില്ല എന്നും പരാതിയുണ്ട് . കോട്ടവാസൽ അതിർത്തി ചെക്ക് പോസ്റ്റ് മുതൽ പാലരുവി വരെ കിലോമീറ്ററുകളോളം ഇറക്കമുള്ള സ്ഥലമായതിനാൽ വാഹനങ്ങൾ ന്യൂട്രൽ ഗിയറിൽ വരുന്നതിനാൽ ബ്രേക്ക് കിട്ടാതെ ഇടിച്ചു കയറിയാണ് മുൻ കാലങ്ങളിലും ഇപ്പോഴും മരണങ്ങൾ സംഭവിക്കുന്നത് .
ഇതിനു പരിഹാരമായി ഡ്രൈവർമാർക്ക് ബോധവൽക്കരണം നടത്തുകയും അധികാരികളുടെ ഭാഗത്ത് നിന്ന് കൃത്യമായ പരിശോധനകൾ ഉണ്ടാകുകയും വേണമെന്നും ആവശ്യം ഉയരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് ആര്യങ്കാവിലെ നാലുസ്കൂളുകളിലേയും വിദ്യാർഥികൾ ചേർന്നു തയാറാക്കി നൽകിയ ഭീമഹർജിയിൽ എത്രയും പെട്ടെന്ന് തീർപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും സ്കൂൾ അധികൃതരും .