കരുനാഗപ്പള്ളി ഏരിയയ്ക്ക് രൂക്ഷ വിമർശനം
1486462
Thursday, December 12, 2024 6:07 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: സിപിഎം ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ കരുനാഗപ്പള്ളി ഏരിയ കമ്മറ്റിക്കെതിരെ അതിരൂക്ഷ വിമർശനം. കരുനാഗപ്പള്ളിയിലെ വിഭാഗീയത പാർട്ടിയെ പൊതുജനമധ്യത്തിൽ താറടിച്ചുകാണിച്ചെന്ന് ജില്ലാ സെക്രട്ടറി എസ്. സുദേവൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രശ്നക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്.
കരുനാഗപ്പള്ളിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി പരിഹരിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും യാതൊരു ഫലവും ഉണ്ടായില്ല. ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ഇതെല്ലാം അവഗണിച്ച് ചേരി തിരിവുകൾക്ക് ആക്കം കൂട്ടുകയായിരുന്നു.
ലോക്കൽ സമ്മേളനങ്ങളിൽ വ്യക്തി താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ചേരിപ്പോരും മത്സരങ്ങളും അരങ്ങേറി. ഇരുനേതാക്കൾ പരസ്പരം പോരടിച്ച് വെട്ടിനിരത്താനും വെട്ടിപ്പിടിക്കാനുമുള്ള ശ്രമങ്ങൾ പലകുറി നടത്തി.
കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിയെ പൂർണമായി മാറ്റി നിർത്തിയാണ് കൊല്ലം ജില്ലാ സമ്മേളനം കൊട്ടിയത്ത് ആരംഭിച്ചത്. എങ്കിലും പ്രവർത്തന റിപ്പോർട്ടിലെ പ്രധാന പരാമർശം കരുനാഗപ്പള്ളിയിലെ വിഭാഗീയതയാണ്. റിപ്പോർട്ടിലെ 16 പേജുകളിൽ ഏരിയ കമ്മറ്റിയിലെ പ്രശ്നങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. കുലശേഖരപുരം സൗത്ത് ലോക്കൽ സമ്മേളനത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. ജില്ലാ - സംസ്ഥാന നേതാക്കളെ വരെ പൂട്ടിയിട്ടു. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. നേതൃത്വം നൽകിയവർക്ക് എതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി എടുക്കും.
സംസ്ഥാന, ജില്ലാ കമ്മറ്റികളുടെ നിർദേശങ്ങൾ ഏരിയ നേതൃത്വം മുഖവിലയ്ക്കെടുത്തില്ല. നേതൃത്വത്തിലുള്ള ചിലരെ അവഗണിക്കാനും അംഗീകാരമുള്ള നേതാക്കളെ ദുർബലപ്പെടുത്താനും ലോക്കൽ സമ്മേളനങ്ങളിൽ ബോധപൂർവമായ നിരവധി നീക്കങ്ങൾ നടന്നു. മാത്രമല്ല അവാസ്തവമായ വിവരങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് മാധ്യമങ്ങൾക്ക് നൽകാനും പ്രതിനിധികൾ മത്സരിക്കുകയായിരുന്നു.
കരുനാഗപ്പള്ളിയിലെ വിഷയങ്ങൾക്ക് ശേഷം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമാനപ്രശ്നങ്ങൾ ഉണ്ടായി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടിയാണിതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾ അംഗീകരിക്കാതെ സ്ഥാപിത താത്പര്യവുമായി ആര് മുന്നോട്ട് പോയാലും അംഗീകരിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കീഴ്ഘടകങ്ങൾ നൽകിയ ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം ക്യത്യമായിരുന്നില്ല. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഓരോ ബൂത്തുകളിലും ശരാശരി 150 വോട്ടുകൾ ലഭിച്ചു. തുടങ്ങി സംഘടനാ വിഷയങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്
വന്യമൃഗശല്യം തടയാൻ നടപടി വേണമെന്ന് പ്രമേയം
കൊല്ലം: പ്രവർത്തന സജ്ജമായ കൊല്ലം തുറമുഖത്തിൽ കയറ്റിറക്ക് ആരംഭിക്കണമെന്നും കിഴക്കൻ മേഖലയിലെ കൃഷി നാശത്തിന് കാരണമായ വന്യമൃഗ ശല്യം തടയാൻ ഫലപ്രദമായ നടപടികളെടുക്കണമെന്നും സിപിഎം ജില്ലാ സമ്മേളനം പ്രമേയങ്ങളിൽ ആവശ്യപ്പെട്ടു.
ജില്ലയിലെ കിഴക്കൻ മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികളാവിഷ്കരിക്കുക, ജില്ലയിലെ ടൂറിസം സാധ്യതകളെ വികസിപ്പിച്ച് ടൂറിസം ഹബാക്കി മാറ്റി കൊല്ലത്തെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുക, ജില്ലയോടുള്ള ഇഎസ്ഐ കോർപ്പറേഷന്റെ അവഗണന അവസാനിപ്പിക്കുക, ജില്ലയുടെ സമഗ്ര കായിക വികസനത്തിന് ചടയമംഗലം - കോട്ടുക്കൽ സ്പോർട്സ് ഹബ് നടപ്പിലാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ബി. തുളസീധരകുറുപ്പ്, എക്സ്. ഏണസ്റ്റ്, എ.എം. ഇക്ബാൽ, എസ്. ബൈജു, ഗീതാകുമാരി, ബിജു കെ മാത്യു തുടങ്ങിയവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.