ചില്ലുകുപ്പിയിലെ കരിങ്ങാലി വെള്ളം: ഫേസ് ബുക്ക് പോസ്റ്റുമായി ചിന്ത ജറോം
1486458
Thursday, December 12, 2024 6:07 AM IST
കൊല്ലം: ചില്ലുകുപ്പിയില്‍ കരിങ്ങാലി വെള്ളം കാണുമ്പോള്‍ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. സിപിഎം ജില്ലാ സമ്മേളനത്തില്‍ ബിയര്‍ ഉപയോഗിച്ചെന്ന രീതിയില്‍ വീഡിയോയും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇതിനെതിരേയാണ് ഫേസ്ബുക്കിലൂടെ ചിന്ത വിശദീകരണവുമായെത്തിയത്.
കരുനാഗപ്പള്ളിയിലെ വിഭാഗീയത ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു സമ്മേളനത്തിന് മുന്‍പ് ഉയര്‍ന്ന് കേട്ടതെങ്കില്‍ സമ്മേളനം ആരംഭിച്ച ദിവസം സമ്മേളന വേദിയില്‍ വിതരണം ചെയ്ത കുടിവെള്ളവുമായി ബന്ധപ്പെട്ടാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നത്.
വേദിയില്‍ തവിട്ടു നിറത്തില്‍ വിതരണം ചെയ്ത കുപ്പികളില്‍ കുടിവെള്ളമല്ല, മദ്യമാണെന്ന തരത്തിലായിരുന്നു വ്യാപക പ്രചാരണം.
ഇത്തരത്തില്‍ നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ അടിസ്ഥാന രഹിതമാണെന്നാണ് സിപിഎം വിശദീകരിക്കുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുള്ള സമ്മേളന നടത്തിപ്പിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പികള്‍ ഉപേക്ഷിച്ച് ചില്ലുകുപ്പികളില്‍ കരിങ്ങാലി വെള്ളം നിറച്ച് സമ്മേളന നഗരിയിലും വേദിയിലും ഉപയോഗിച്ചത്.
ഇതാണ് സമ്മേളനത്തില്‍ മദ്യം ഉപയോഗിച്ചെന്ന തരത്തില്‍ അടിസ്ഥാന രഹിതമായി പ്രചരിക്കുന്നത്. കുപ്പിയില്‍ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സ്റ്റിക്കറാണ് പതിച്ചിരിക്കുന്നത്.